മുംബൈയിൽ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാൾ യുവതിയിൽ നിന്ന് 88,000 രൂപ തട്ടിയെടുത്തു

06:15 PM May 02, 2025 | Neha Nair

മുംബൈ: ഓഹരിവിപണിയിൽ ലാഭമുണ്ടാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് പണം തട്ടിയെടുത്തു. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാളാണ് പണം തട്ടിയത്. ലാബ് ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിൽ മുംബൈയിൽ പൊലീസ് കേസെടുത്തു.

പരിചയത്തിലായതിന് പിന്നാലെ പ്രതി പെട്ടെന്ന് തന്നെ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി. ഓഹരി വിപണിയിൽ നിന്ന് വലിയ വരുമാനം ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി. ഓഹരി വിപണിയിലെ തന്റെ വിജയത്തെക്കുറിച്ച് പറഞ്ഞ് അയാൾ യുവതിയെ വിശ്വസിപ്പിച്ചു.

സ്റ്റോക്ക് ട്രേഡിങ് പ്ലാറ്റ്‌ഫോം രജിസ്ട്രേഷൻ ഫീസായി 50,000 രൂപ നൽകാൻ അയാൾ ആദ്യം ആവശ്യപ്പെട്ടു. പിന്നീട് നിക്ഷേപങ്ങളുമായി മുന്നോട്ട് പോകാൻ 38,000 രൂപ കൂടി നൽകാൻ ആവശ്യപ്പെട്ടു.

നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള രേഖകൾ അയക്കാൻ യുവതി ആവശ്യപ്പെടുമ്പോൾ പ്രതി ഒഴിഞ്ഞ് മാറുകയായിരുന്നു. ഏപ്രിൽ 15ന് ശേഷം ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നടന്നില്ല. തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

പ്രതിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസ് ഫയൽ ചെയ്തു. ഡേറ്റിങ് ആപ്പുകൾ പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ അപരിചിതരുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.