ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ കണ്ട മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചപ്പോള്‍ ആര്‍ആര്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെതിരെ ആരാധകരുടെ രോഷം. സൂപ്പര്‍ ഓവറില്‍ ഉള്‍പ്പെടെ കോച്ചിന്റെ തന്ത്രം അമ്പേ പാളിയെന്ന് മുന്‍ കളിക്കാരും പറയുന്നു.
മിച്ചല്‍ സ്റ്റാര്‍ക്ക് മികച്ച പേസ് ബൗളിംഗ് പ്രകടനം കാഴ്ചവച്ചപ്പോള്‍ സൂപ്പര്‍ ഓവറില്‍ 11 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഡല്‍ഹി അനായാസം ജയിക്കുകയും ചെയ്തു. സൂപ്പര്‍ ഓവറില്‍ ആര്‍ആറിന്റെ ബാറ്റര്‍മാരെക്കണ്ട് പലരും അമ്പരന്നു.
റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറെയാണ് റിയാന്‍ പരാഗിനൊപ്പം ബാറ്റിങ്ങിനിറക്കിയത്. 4 പന്തില്‍ 6 റണ്‍സ് മാത്രമാണ് ഹെറ്റ്‌മെയര്‍ നേടിയത്. സൂപ്പര്‍ ഓവറില്‍ നിതീഷ് റാണയെ അയയ്ക്കാത്ത തീരുമാനത്തെ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്സണ്‍ രൂക്ഷമായി വിമര്‍ശിച്ചു. 28 പന്തില്‍ 51 റണ്‍സ് നേടിയ റാണയാണ് ആര്‍ആറിന്റെ ടോപ് സ്‌കോറര്‍. വീണ്ടും ബാറ്റ് ചെയ്യാന്‍ അവസരം നല്‍കാത്തതില്‍ റാണയുടെ തെറ്റ് എന്താണെന്ന് വാട്‌സണ്‍ ചോദിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ച് വിക്കറ്റിന് 188 റണ്‍സാണ് നേടിയത്. മറുപടിയായി, യശസ്വി ജയ്സ്വാള്‍ (27 പന്തില്‍ 51), നിതീഷ് റാണ (28 പന്തില്‍ 51) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടി ആര്‍ആറിനെ വിജയത്തിന് അടുത്തെത്തിച്ചു. അവസാന ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് ആണ് കളി സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത്. അവസാന ഓവറില്‍ ആര്‍ആറിന് ഒമ്പത് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ സ്റ്റാര്‍ക്ക് എട്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്.
മത്സരത്തിനുശേഷം സംസാരിച്ച സ്റ്റാര്‍ക്ക്, സൂപ്പര്‍ ഓവറില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരെ തനിക്കെതിരെ അയയ്ക്കാനുള്ള തീരുമാനത്തില്‍ അത്ഭുതപ്പെട്ടുവെന്ന് വെളിപ്പെടുത്തി. വലംകൈയ്യന്‍ ബാറ്റര്‍മാരായിരുന്നെങ്കില്‍ സമ്മര്‍ദ്ദമുണ്ടായേനേയെന്നാണ് സ്റ്റാര്‍ക്കിന്റെ പ്രതികരണം.
മത്സരം തോറ്റയുടന്‍ ദ്രാവിഡിനും സംഘത്തിനും എതിരെ സോഷ്യല്‍ മീഡിയയിലെങ്ങും പ്രതിഷേധമാണ്. മെഗാ ലേലം കഴിഞ്ഞയുടന്‍ ടീം തോറ്റെന്ന് പലരും ചൂണ്ടിക്കാട്ടി. സീസണില്‍ ഏറ്റവും മോശമായ രീതിയില്‍ ലേലത്തില്‍ ഇടപെട്ട ടീമാണ് റോയല്‍സ്. കളിയുടെ എല്ലാ തലങ്ങളിലും ടീം ദുര്‍ബലരാണെന്ന് തെളിയിച്ചു. ഇക്കുറി അവസാന സ്ഥാനക്കാരാകാന്‍ സാധ്യതയുള്ള ടീമായി റോയല്‍സ് മാറിക്കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.