ന്യൂയോർക്ക് : യു.എസിലുടനീളം ദശാബ്ദത്തിനിടെ ആഞ്ഞടിച്ച വൻ ശീതകാലക്കൊടുങ്കാറ്റിൽ കുറഞ്ഞത് അഞ്ചു പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. മേരിലാൻഡ്, വിർജീനിയ, വെസ്റ്റ് വിർജീനിയ, കൻസാസ്, മിസോറി, കെൻ്റക്കി, അർക്കൻസാസ് എന്നിവയടക്കം ഏഴു സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2,300ലധികം ഫ്ലൈറ്റുകൾ റദ്ദാക്കി. 9,000ത്തോളം വിമാനങ്ങളുടെ കാലതാമസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഉത്തരധ്രുവത്തെ വലയം ചെയ്ത മഞ്ഞിനാലുള്ള തണുത്ത വായുവിന്റെ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അതികഠിനമായ കാലാവസ്ഥയാണ് യു.എസിനെ വലക്കുന്നത്. ഇത് കൂട്ടത്തോടെ സ്കൂൾ അടച്ചുപൂട്ടുന്നതിനും യാത്രാ തടസ്സങ്ങൾക്കും പവർകട്ടിനും കാരണമായി. കൊടുങ്കാറ്റിന്റെ പാതയിൽ വരുന്ന സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച രാത്രി 200,000ത്തിലധികം വീടുകളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. കൊടുങ്കാറ്റു മൂലം വാഷിംങ്ടൺ ഡി.സിയിലുടനീളം ഓഫിസുകളും സ്കൂളുകളും അടഞ്ഞുകിടന്നു.