മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിനെ പോലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേരി പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ പ്രഭിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുപാടം സ്വദേശിയായ വിഷ്ണുജയെ(25) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പ്രഭിൻ വിഷ്ണുജയെ ഉപദ്രവിച്ചിരുന്നതായി യുവതിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. 2023 മേയിലായിരുന്നു വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം.
വെളുത്ത നിറമില്ല, സൗന്ദര്യമില്ല, ജോലിയില്ല, നൽകിയ സ്ത്രീധനം കുറവാണ് എന്നീ ആരോപണങ്ങളാണ് പ്രഭിൻ വിഷ്ണുജക്കു നേരെ ഉന്നയിച്ചിരുന്നതെന്നും കുടുംബം പറഞ്ഞു. പ്രഭിന്റെ ബന്ധുക്കൾ ഇതിനെല്ലാം കൂട്ടുനിന്നിരുന്നെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.