ന്യൂഡല്‍ഹി: മരണത്തെക്കുറിച്ച് വേവലാതിപ്പെടാതെ ജീവിതത്തെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി മോദി. മരണം അനിവാര്യമാണെന്നു പറഞ്ഞ അദ്ദേഹം, എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനമെന്നും വ്യക്തമാക്കി. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാന്റെ ഷോയില്‍, മരണത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം തന്നെ മരണത്തിന്റെ ഒരു മന്ത്രിച്ച വാഗ്ദാനമാണെന്ന് നമുക്കറിയാം, എന്നിട്ടും ജീവിതം അഭിവൃദ്ധിപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും നൃത്തത്തില്‍, മരണം മാത്രമാണ് ഉറപ്പുള്ളത്, പിന്നെ ഉറപ്പായതിനെ എന്തിന് ഭയപ്പെടണം? അതുകൊണ്ടാണ് മരണത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം നിങ്ങള്‍ ജീവിതത്തെ സ്വീകരിക്കേണ്ടത്. കാരണം അത് അനിശ്ചിതത്വമുള്ളതാണ്,' അദ്ദേഹം പറഞ്ഞു.
വിഷമിച്ചു സ്വയം സമയം കളയരുതെന്ന് പറഞ്ഞ അദ്ദേഹം, ജീവിതത്തെ സമ്പന്നമാക്കുന്നതിനും ലോകത്തിന് മികച്ച സംഭാവന ചെയ്യുന്നതിനുംസ്വന്തം ഊര്‍ജം വിനിയോഗിക്കണമെന്നും മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ജീവിതം അസ്ഥിരമായ ഒന്നായതിനാല്‍ഓരോ നിമിഷവും അറിവുനേടുകയും ലക്ഷ്യബോധത്തോടെ ചെലവഴിക്കുകയും വേണം. അതിലൂടെ മാറ്റങ്ങള്‍ സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ജീവിതം സമ്പുഷ്ടമാക്കാനും ശുദ്ധീകരിക്കാനും ഉയര്‍ത്താനും നിങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കണം. അതിലൂടെ മരണം മുട്ടിവിളിക്കുന്നതിനുമുമ്പ്, നിങ്ങള്‍ക്ക് ലക്ഷ്യബോധത്തോടെ ജീവിക്കാന്‍ സാധിക്കും. നിങ്ങള്‍ മരണഭയം ഉപേക്ഷിക്കണം. മരണം എന്നത് അനിവാര്യമാണ്. അത് എപ്പോള്‍ എത്തുമെന്ന് ആശങ്കപ്പെടുന്നതില്‍ കാര്യമില്ല. അത് ഉദ്ദേശിക്കുന്ന സമയത്തുതന്നെ എത്തും', പ്രധാനമന്ത്രി വ്യക്തമാക്കി.