
നെയ്യാറ്റിന്‍കര: ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനായി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും. കുന്നത്തുകാല്‍ ത്രേസ്യാപുരം, പ്ലാങ്കാല പുത്തന്‍വീട്ടില്‍ ശാഖാകുമാരി(52)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ അതിയന്നൂര്‍, അരുണ്‍ നിവാസില്‍ അരുണി(32)നെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം. ബഷീര്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്.
2020 ഒക്ടോബര്‍ 29-ന് വിവാഹം കഴിക്കുമ്പോള്‍ ശാഖാകുമാരിക്ക് 52 വയസ്സും അരുണിന് 28 വയസ്സുമായിരുന്നു പ്രായം. അതേവര്‍ഷം ഡിസംബര്‍ 26-ന് പുലര്‍ച്ചെ 1.30-നാണ് കൊലപാതകം നടന്നത്. ഇലക്ട്രീഷ്യനാണ് പ്രതിയായ അരുണ്‍. ശാഖാകുമാരിയുമായി അടുപ്പം നടിച്ചശേഷം വീട്ടുകാരെ അറിയിക്കാതെ അവരെ വിവാഹം കഴിക്കുകയായിരുന്നു.
50 ലക്ഷം രൂപയും 100 പവന്‍ ആഭരണവും നല്‍കിയാണ് ശാഖാകുമാരിയുടെ വിവാഹം നടത്തിയത്. അരുണിന്റെ അടുത്ത സുഹൃത്തായ ഒരാള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹശേഷം പ്രതി ഓവന്‍ നന്നാക്കുന്നതിനിടെ ശാഖാകുമാരിയെ ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് പ്രതി വിലകൂടിയ വാഹനങ്ങളും സ്വന്തമാക്കിയിരുന്നു. ക്രിസ്മസ് ദിവസം വീട്ടിലെ ആഘോഷങ്ങളില്‍ പങ്കെടുത്ത ബന്ധുക്കള്‍ പിരിഞ്ഞുപോയശേഷം രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന ശാഖാകുമാരിയെ ശ്വാസംമുട്ടിപ്പിച്ച് ബോധം കെടുത്തി. തുടര്‍ന്ന് വയറും പ്ലഗ്ഗും ഉപയോഗിച്ച് കൈയിലും മൂക്കിലും വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തുകയായിരുന്നു.
ഷോക്കേറ്റ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാനായി സീരിയല്‍ ലൈറ്റിന്റെ വയര്‍ പ്രതി ശാഖാകുമാരിയുടെ ശരീരത്തില്‍ കൊണ്ടിട്ടിരുന്നു. വെള്ളറട പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം. ശ്രീകുമാറാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ. അജികുമാര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.