+

മോട്ടോര്‍വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന; നിരോധിച്ച എയര്‍ ഹോണുകളും തോന്നിയവിധത്തിലുള്ള നിറങ്ങളും സ്റ്റിക്കറുകളും പതിച്ച സ്വകാര്യബസുകള്‍ക്ക് പിടിവീണു

നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തന്‍സ്റ്റാന്‍ഡില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. സ്റ്റേജ് ക്യാരേജ് വാഹനങ്ങളില്‍ വ്യാപകമായി നിരോധിത എയര്‍ഹോണ്‍ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. പരിശോധനക്കിടെ ചില ബസുകള്‍ സ്റ്റാന്‍ഡില്‍ക്കയറാതെ പോയതായും പരാതിയുണ്ട്. തൃശ്ശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.ബി. സിന്ധുവാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

തൃശ്ശൂര്‍ : നിരോധിച്ച എയര്‍ ഹോണുകളും തോന്നിയവിധത്തിലുള്ള നിറങ്ങളും സ്റ്റിക്കറുകളും പതിച്ച് നിരത്തില്‍ വിഹരിച്ച സ്വകാര്യബസുകള്‍ക്ക് പിടിവീണു. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തന്‍സ്റ്റാന്‍ഡില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. സ്റ്റേജ് ക്യാരേജ് വാഹനങ്ങളില്‍ വ്യാപകമായി നിരോധിത എയര്‍ഹോണ്‍ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. 

പരിശോധനക്കിടെ ചില ബസുകള്‍ സ്റ്റാന്‍ഡില്‍ക്കയറാതെ പോയതായും പരാതിയുണ്ട്. തൃശ്ശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.ബി. സിന്ധുവാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. 22 ബസുകളില്‍ എയര്‍ഹോണ്‍ ഘടിപ്പിച്ചതായും രണ്ട് ബസുകളില്‍ മള്‍ട്ടിടോണ്‍ ഹോണുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി. സ്റ്റേജ് ക്യാരേജുകളില്‍ കളര്‍കോഡ് നിലനില്‍ക്കെ കളര്‍സ്റ്റിക്കര്‍ പതിപ്പിച്ച വാഹനങ്ങള്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. 

കളര്‍കോഡ് ലംഘിച്ച് പതിച്ച സ്റ്റിക്കറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പരിശോധനയ്ക്കായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കണം. എയര്‍ഹോണ്‍ സംബന്ധമായ കേസുകള്‍ വെര്‍ച്ച്വല്‍ കോടതിയിലേക്ക് അയച്ചു. ജില്ലയിലെ വിവിധ ബസ്സ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും എയര്‍ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ പരിശോധന തുടരും. 

സ്റ്റേജ് ക്യാരേജുകളില്‍ ഡോര്‍ഷട്ടര്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.വി. ബിജു, കെ. അശോകുമാര്‍, കെ.ബി. ഷിജോ, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.എം. വിനോദ്, വി.ബി. സജീവ്, പ്രശാന്ത് പിള്ള, സി.ജെ. ഷോണ്‍, ടി.പി. സനീഷ്, സുമേഷ് തോമസ്, വി.സി. ബിജു, ഡ്രൈവര്‍ എം.എല്‍. തോമസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

facebook twitter