കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസിൽ അണ്ടർ പാസ് നിർമാണം, സ്ട്രീറ്റ് ലൈറ്റ്, സർവീസ് റോഡ് പൂർത്തീകരണം എന്നിവയ്ക്കുള്ള ടെണ്ടർ നടപടി പൂർത്തിയായി. ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
രാത്രി കാലത്ത് ബൈപ്പാസിൽ വെളിച്ചമില്ലാത്തതും ചില സ്ഥലങ്ങളിൽ സർവീസ് റോഡുകൾ പൂർത്തിയാവാത്തതും സിഗ്‌നൽ പോയിന്റിന് അടുത്തായി അണ്ടർപാസ് ഇല്ലാത്തതുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ നേതൃത്വത്തിൽ വിവിധ തലത്തിലുള്ള യോഗങ്ങൾ വിളിച്ച് ചേർത്തിരുന്നു. ഇതേ തുടർന്നാണ് 34 കോടി 25 ലക്ഷം രൂപക്കുള്ള ടെണ്ടർ അംഗീകരിച്ചുകൊണ്ട് പദ്ധതി പ്രവർത്തനത്തിന് ആവശ്യമായ പ്രവർത്തനാനുമതിയും സാങ്കേതിക അനുമതിയും ദേശീയപാത അതോറിറ്റിയിൽ നിന്നും ലഭ്യമായിരിക്കുന്നത്.