പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്‌ക്കെതിരെ വിമർശനവുമായി പാക് ഉപപ്രധാനമന്ത്രി.പാകിസ്താനെതിരെ ഇന്ത്യ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ പറഞ്ഞു . സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഉൾപ്പെടെയുള്ള ഇന്ത്യയുടെ പ്രതികരണം പക്വത ഇല്ലാത്തതാണെന്നും ഇഷാഖ് ദർ വിമർശിച്ചു.
”ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ല. അവർ പ്രതികരണത്തിൽ ഒരു പക്വതയും കാണിച്ചിട്ടില്ല. ഇത് ഗൗരവമില്ലാത്ത സമീപനമാണ്”- അദ്ദേഹം പറഞ്ഞു.സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനും നയതന്ത്ര ബന്ധങ്ങൾ നിയന്ത്രിക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പാകിസ്താനിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നു.
അതിനിടെ ഇന്നും നാളെയും കറാച്ചി തീരത്ത് മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പാകിസ്താൻ. അറബിക്കടലിൽ പാകിസ്താന്റെ കൂടുതൽ നാവികസേന വിന്യാസം ഏർപ്പെടുത്തി. കേന്ദ്രം സ്ഥിതിഗതികൾ നിരീക്ഷിക്കും.