ആരാധകരുടെ കാത്തിരിപ്പിന് വിരാമം. മകൾ ദുആയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡിലെ ജനപ്രിയ ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. 'ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ ചിത്രങ്ങളിൽ ചുവന്ന വസ്ത്രങ്ങൾ ധരിച്ച ദീപികയേയും മകളേയും കാണാം. ഇരുവരേയും സ്നേഹപൂർവം ചേർത്തുപിടിച്ചു രൺവീറും ചിത്രത്തിലുണ്ട്. താരദമ്പതികൾ ആദ്യമായാണ് കുഞ്ഞിന്‍റെ മുഖം കാണുന്ന ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ചത്.
2018ലായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. 2024 സെപ്റ്റംബർ എട്ടിനാണ് ദുആ ജനിക്കുന്നത്. ആ സമയത്ത് ദീപികയും രൺവീർ സിങ്ങും മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തി മകൾ ദുആയെ പരിചയപെടുത്തികൊണ്ട് ഒരു സ്വകാര്യ പരിപാടി നടത്തിയിരുന്നു. ചടങ്ങിനിടയിൽ കൽക്കി 2നെ കുറിച്ചുള്ള ചോദ്യത്തിന് മകൾ ദുആക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഉടനെ സിനിമയിലേക്കില്ലെന്നുമാണ് ദീപിക പറഞ്ഞ മറുപടി. മകളെ പരിചാരകർക്കൊപ്പം വിടാൻ ആഗ്രഹിക്കുന്നില്ലെന്നും, തന്റെ അമ്മ തന്നെ വളർത്തിയത് പോലെ മകളെ വളർത്തുമെന്നും ദീപിക പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങളുടെ കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയെ ആരാധകർക്കായി ദമ്പതികൾ ആദ്യം പരിചയപ്പെടുത്തിയത്. എന്നാൽ അന്ന് കുഞ്ഞിന്റെ ചിത്രങ്ങളോ മറ്റുവിശേഷങ്ങളോ താരങ്ങൾ പങ്കുവെച്ചിരുന്നില്ല. 2024ലെ ദീപാവലി ദിനത്തിൽ കുഞ്ഞിന്റെ പേര് പുറത്തുവിട്ടിരുന്നു. കുഞ്ഞിന്റെ കാലുകളുടെ ചിത്രങ്ങൾക്കൊപ്പമാണ് പേര് പങ്കുവെച്ചത്. ദീപ്-വീർ ദമ്പതികളുടെ കുഞ്ഞുമാലാഖയുടെ പേരും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രാർഥന എന്നാണ് 'ദുആ'യുടെ അർഥം. ഞങ്ങളുടെ പ്രാര്‍ഥനകൾക്കുള്ള ഉത്തരമാണ് മകൾ എന്ന് താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അമ്മയായതിനു ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് 2025ലെ വേവ്സ് ഉച്ചകോടിയിൽ ദീപിക സംസാരിച്ചിരുന്നു. അമ്മയായതിന് ശേഷം ജീവിതം അടിമുടി മാറിയെന്നാണ് താരം പറഞ്ഞത്. മകൾ ജനിക്കുന്നത് വരെ സ്വന്തം കാര്യങ്ങൾക്കായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ ലോകം ആ കുഞ്ഞുപെൺകുട്ടിക്ക് ചുറ്റുമായിരിക്കുന്നുവെന്ന് ദീപിക തുറന്നുപറഞ്ഞു. അമ്മയാവുക എന്നത് വലിയ സ്വപ്നമായിരുന്നു. ഇപ്പോൾ ആ അനുഭവം നന്നായി ആസ്വദിക്കുകയാണ്. എന്നാൽ ഇപ്പോൾ ജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നുണ്ടെന്നും ദീപിക പറഞ്ഞു.