ഹൈദരാബാദ്: കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി അധികനാള്‍ കഴിയുംമുന്‍പേ സാമ്പത്തികമായി തകര്‍ന്ന് തെലങ്കാന. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ലെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിശദീകരണം. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സര്‍ക്കാര്‍ സഹായം പറ്റുന്നവര്‍ക്കും ശമ്പളമില്ല.
മാസം 22,000 കോടി രൂപയാണ് സംസ്ഥാനത്ത് വേണ്ടത്. എന്നാല്‍, 18,500 കോടി രൂപ മാത്രമാണ് വരുമാനമുള്ളത്. അതിനാല്‍ ആശ, അങ്കണവാടി ജീവനക്കാര്‍ക്കും ഷാദി മുബാറക്, കല്യാണ ലക്ഷ്മി പോലുള്ള ക്ഷേമ പദ്ധതികള്‍ക്കും പണം നല്‍കാനില്ല. പേയ്മെന്റുകള്‍ നല്‍കുന്നത് റൊട്ടേഷന്‍ സമ്പ്രദായത്തിലാണ്. വേണമെങ്കില്‍ സാമ്പത്തിക മാനേജ്മെന്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയുടെ സാമ്പത്തിക പ്രതിസന്ധിക്ക് മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെയാണ് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ നിസ്സഹകരണം പ്രഖ്യാപിച്ചാല്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി.
കേരളത്തിലെ ആശ വര്‍ക്കര്‍മാര്‍ ഓണറേറിയം വര്‍ദ്ധനയ്ക്കുവേണ്ടി ആഴ്ചകളോളമായി സമരത്തിലാണ്. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി. എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ഇപ്പോഴത്തെ ഓണറേറിയം പോലും കൊടുക്കാന്‍ കഴിയുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.