ദില്ലി : വായു മലിനികരണം കുറയ്ക്കാൻ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദില്ലി സർക്കാർ. ദില്ലിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത പഴയ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ ദില്ലിയില്‍ വിലക്കേർപ്പെടുത്തി.ബി എസ് 3 മുതല്‍ താഴേക്കുള്ള വാഹനങ്ങള്‍ക്കാണ് വായുമലിനീകരണ മേല്‍നോട്ട സമിതി വിലക്ക് ഏർപ്പെടുത്തിയത്.
ബി എസ് 6, സി എൻ ജി, എല്‍ എൻ ജി, ഇ വി ഒഴികെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ ദില്ലിയിലേക്ക് പ്രവേശനമില്ല. ബി എസ് 4 ചരക്ക് വാഹനങ്ങള്‍ക്ക് അടുത്തവർഷം ഒക്ടോബർ 31 വരെ മാത്രമാണ് പ്രവേശനം അനുവദിച്ചത്. ദില്ലിയില്‍ വായുമലിനീകരണതോത് ഇന്നും മോശം വിഭാഗത്തില്‍ തുടരുകയാണ്.
237 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് ( എ ക്യു ഐ).ക്ലൗഡ് സീഡിംഗ് പരീക്ഷണം പ്രതീക്ഷിച്ച മഴ നല്‍കിയില്ലെങ്കിലും, ഡല്‍ഹിയിലെ അന്തരീക്ഷ സാഹചര്യങ്ങളില്‍ ഈ സാങ്കേതികവിദ്യയുടെ പരിമിതികളെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
മേഘങ്ങളില്‍ ആവശ്യത്തിന് ഈർപ്പം ഇല്ലാതെ, കൃത്രിമ മഴയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അനിശ്ചിതമായിരിക്കുമെന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നും സംഘം വിശദീകരിച്ചു. 1.2 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയത്.