ഡൽഹി : ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ദില്ലി ഹൈക്കോടതി. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വരണ കാന്ത ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെൺകുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരിയും പ്രതിയും തമ്മിൽ കാലങ്ങളായുള്ള സൗഹൃദ ബന്ധമാണുള്ളത്. പരാതിക്കാരി പ്രതിയിൽ നിന്നും കടമായി വാങ്ങിയ പണം തിരിച്ചടക്കാത്തതോടെയാണ് പ്രതി സൗഹൃദ ബന്ധത്തെ മുതലെടുത്ത് പഴയകാല സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തിയത്. രണ്ട് ദിവസത്തോളം പ്രതി ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഇതിനെതിരെ നൽകിയ പരാതിയിൽ വിധി പുറപ്പെടുവിക്കുകയായിരുന്നു കോടതി.