പാകിസ്താൻ ഡ്രോൺ-ഷെൽ-റോക്കറ്റ് ആക്രമണങ്ങൾക്ക് തിരിച്ചടി; പാകിസ്താനിൽ ഇന്ത്യ ആക്രമണം നടത്തിയതായി എഎൻഐ റിപ്പോർട്ട്

11:19 AM May 10, 2025 | AJANYA THACHAN

ഡൽഹി : ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേയ്ക്ക് ശനിയാഴ്ച പാകിസ്താൻ ഡ്രോൺ-ഷെൽ-റോക്കറ്റ് ആക്രമണങ്ങൾക്ക് പിന്നാലെ പാകിസ്താനിൽ ഇന്ത്യ ആക്രമണം നടത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച പുലർച്ചെ പാകിസ്താനിലെ നാലോളം വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്നാണ് എഎൻഐ റിപ്പോ‍ർട്ട് ചെയ്യുന്നത്. ശനിയാഴ്ച ഇന്ത്യയിലെ 26 സ്ഥലങ്ങളിൽ പാകിസ്താൻ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

പാകിസ്താനിലെ റാവിൽപിണ്ടിയ്ക്ക് സമീപമുള്ള നുർ ഖാൻ, ഝാങ്ങിലെ റഫീഖി, ചക്‌വാലിലെ മുറിദ് എന്നീ വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചതായി റിപ്പോ‍ർട്ടുണ്ട്. ഇതിന് പിന്നാലെ പാകിസ്താൻ വ്യോമപാത പൂർണമായും അടച്ചു. പാകിസ്താൻ തലസ്ഥാനത്ത് നിന്നും ഏതാണ്ട് 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ള വ്യോമ താവളമാണ് നുർ ഖാൻ. വൻ സ്ഫോടനത്തിന് പിന്നാലെ നുർ ഖാൻ വ്യോമതാവളത്തിൽ തീ പടരുന്ന ദൃശ്യങ്ങൾ പാകിസ്താൻ മാധ്യമങ്ങൾ പുറത്തു വിട്ടതായും റിപ്പോർട്ടുണ്ട്. 

എന്നാൽ ഈ റിപ്പോർട്ടിൻ്റെ ആധികാരികത ഉറപ്പിച്ചിട്ടില്ല. ചക്‌ലാല വ്യോമതാവളമെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നുർ ഖാൻ പാകിസ്താൻ്റെ വളരെ പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ്. നിയന്ത്രണ രേഖയിൽ (എൽഒസി) പല സ്ഥലങ്ങളിലും ഇപ്പോഴും ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്നതായും എഎൻഐ റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്. പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലുമുള്ള 26 സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സായുധ ഡ്രോണുകൾ ഉണ്ടെന്ന് സംശയിക്കപ്പെടുന്നതായാണ് എഎൻഐ റിപ്പോർട്ട്. 

Trending :

ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക്ക, ലാൽഗഡ് ജട്ട, ജയ്സാൽമർ, ബാർമർ, ഭുജ്, കുവാർബെറ്റ്, ലഖി നാല എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. അതിർത്തി പ്രദേശങ്ങളിലുള്ള ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.