'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചു; വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ മാപ്പ് പറഞ്ഞ് സംവിധായകന്‍

02:52 PM May 10, 2025 | AJANYA THACHAN

ഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച സംവിധായകന്‍ മാപ്പ് പറഞ്ഞു. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്‍ ഉത്തം മഹേശ്വരി മാപ്പ് പറഞ്ഞത്.

സിനിമ പ്രഖ്യാപിച്ചത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ലെന്നാണ് ഉത്തം മഹേശ്വരി നല്‍കുന്ന വിശദീകരണം. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രാജ്യത്തോടും സൈനികരോടുമുള്ള സ്‌നേഹവും ബഹുമാനവും അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും ഉത്തം മഹേശ്വരി പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാപ്പപേക്ഷയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദിയും സംവിധായകന്‍ അറിയിച്ചു. ഈ ധീരമായ നേതൃത്വത്തിന് നന്ദി എന്നായിരുന്നു ഉത്തം പറഞ്ഞത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ പേരില്‍ സിനിമ പ്രഖ്യാപിച്ച സമയം ശരിയല്ലെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം. രാജ്യത്തിന്റെ രക്ഷയ്ക്കായി സൈനികര്‍ അതിര്‍ത്തിയില്‍ പോരാടുന്നതിനിടെ പേരും പണവും സൃഷ്ടിക്കാനുള്ള തന്ത്രമാണിതെന്നും ഉത്തം മഹേശ്വരിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം മാപ്പ് പറഞ്ഞത്. നിക്കിവിക്കി ബഗ്നാനി ഫിലിംസും കണ്ടന്റ് എന്‍ജിനീയറും ചേര്‍ന്ന് ചിത്രം നിര്‍മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.