സ്ഫോടനങ്ങളിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

01:57 PM May 08, 2025 | AJANYA THACHAN

ഡൽഹി : കുഴിബോംബ് നിർവീര്യമാക്കുന്നതിനിടെ പാകിസ്ഥാൻ സൈന്യത്തിന് നേരെ ആക്രമണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോളാന്‍, കെച്ച് മേഖലകളിലായിരുന്നു ആക്രമണം. സ്ഫോടനങ്ങളിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി എൽ എ) ഉത്തരവാദിത്വം ഏറ്റെടുത്തു.  സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം. വാഹനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടു. 

പാകിസ്ഥാന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാൻഡര്‍ താരിഖ് ഇമ്രാന്‍, സുബേദാര്‍ ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെ 12 സൈനികര്‍ ഉണ്ടായിരുന്ന വാഹനത്തിന് നേരെയായിരുന്നു ആദ്യ ആക്രമണം. ബോലാനിലെ മാച്ചിലെ ഷോര്‍ഖണ്ഡിലായിരുന്നു ഈ ആക്രമണം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു സ്ഫോടനം.കെച്ചിലെ കുലാഗ് ട്രിഗാന്‍ പ്രദേശത്താണ് രണ്ടാമത്തെ ആക്രമണം. ബോംബ് നിര്‍വീര്യമാക്കുന്ന സൈനിക യൂണിറ്റിന് നേരെയായിരുന്നു ആക്രമണം. ഇതും റിമോട്ട് കണ്‍ട്രോള്‍ വഴിയായിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്.