വ്യാജ രേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും ആളുകളെ ഇന്ത്യയിലേക്ക് കടത്തുന്ന റാക്കറ്റിനെ ഡൽഹി പൊലീസ് പിടികൂടി. പിടിയിലായ പതിനൊന്ന് ബംഗ്ലാദേശി പൗരൻമാരിൽ സാങ്കേതിക വിദഗ്ദൻമാരും ഉൾപ്പെടുന്നു. വെബ്സൈറ്റ് ഉപയോഗിച്ച് വ്യാജ ആധാർ കാർഡുകൾ, വോട്ടർ ഐ.ഡികൾ എന്നിവ ഇവർ നിർമിച്ച് നൽകിയിരുന്നതായാണ് വിവരം. രജത് മിശ്ര എന്ന പ്രതി ജനത പ്രിന്റ് എന്ന വെബ്സൈറ്റ് വഴി ഇരുപത് രൂപ ഈടാക്കിയാണ് ആവശ്യക്കാർക്ക് രേഖകൾ നിർമിച്ച് നൽകിയിരുന്നത് എന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
തിരച്ചിലിനിടയിൽ 21 വ്യാജ ആധാർ കാർഡുകൾ, ആറ് പാൻ കാർഡുകൾ നാലു വോട്ടർ ഐ.ഡി.കൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. വ്യാജ വോട്ടർ ഐ.ഡികൾ ഇലക്ഷനിൽ കൃതൃമത്വം നടത്താൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണത്തിലാണ്. കാട്ടു വഴികൾ,എക്സ്പ്രസ് ട്രെയിനുകൾ എന്നിവ വഴിയാണ് അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിലേക്ക് കടക്കുന്നത്.
നഗരത്തിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും നിർദേശം നൽകിയിരുന്നു. ഇതിലൂടെ ആയിരത്തോളം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയും ചെയ്തു. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് കർശനമായ പരിശോധനകൾ നടത്തി വരികയാണ്. ബംഗ്ലാദേശ് അതിർത്തിൽ പരിശോധനക്കായി പ്രത്യേക പൊലീസ് സന്നാഹത്തെയും നിയമിച്ചിട്ടുണ്ട്.