ദില്ലി കലാപത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷയില്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. കഴിഞ്ഞ തവണ കേസില്‍ വാദിച്ച മീരാന്‍ ഹൈദര്‍ ഗൂഢാലോചന കുറ്റത്തില്‍ തന്നെ ഉള്‍പ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഫോട്ടോയില്‍ മീരാന്‍ ഹൈദറില്ലെന്ന് അഭിഭാഷകനായ സിദ്ധാര്‍ഥ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഫോട്ടോയില്‍ വ്യക്തത കുറവുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത പറഞ്ഞു.
ഷിഫാ ഉര്‍ റഹ്‌മാന് വേണ്ടി മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ് ഹാജരായി. ഒരുതെളിവും ഇല്ലാതെയാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്നും വിചാരണ ഇല്ലാതെ 5 വര്‍ഷവും 7 മാസവുമായി ജയിലിലാണെന്നും വാദിച്ചു. പ്രതികളുടെ വാദം പൂര്‍ത്തിയായാല്‍ ഇന്ന് ദില്ലി പൊലീസിന്റെ വാദവും നടക്കും.
2020 ഫെബ്രുവരിയിലെ കലാപത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തുകയും ചെയ്തു. 2020 മുതല്‍ ഇവര്‍ ജയിലിലാണ്. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും ജാമ്യം നല്‍കാതിരുന്നതോടെയാണ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ദില്ലിയില്‍ അക്രമമുണ്ടായത്.