ഇന്ത്യ- പാക് സംഘര്‍ഷം ശക്തമായിരിക്കെ ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ അവധികള്‍ റദ്ദാക്കി. പാകിസ്താന്‍ ഇന്നലെ രാത്രിയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ഇന്ത്യ ഗേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ, ദുരന്ത നിവാരണ വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വേണമെങ്കില്‍ അധിക സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
ഡല്‍ഹിയിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും സ്ഥലത്തെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി കൂടിക്കാഴ്ചകള്‍ നടത്തി
ഏത് തരത്തിലുള്ള സാഹചര്യത്തേയും നേരിടാന്‍ ഡല്‍ഹി പൊലീസ് തയ്യാറാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ മാളുകള്‍, മാര്‍ക്കറ്റുകള്‍, മെട്രോ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, റെസിഡന്‍ഷ്യല്‍ കോളനികള്‍, വിമാനത്താവളങ്ങള്‍, മറ്റ് തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണ്.