കാറിൽ സ്കൂട്ടർ ഉരസിയതിന്റെ പക; ഡെലിവറി ഏജന്റിനെ മാപ്പ് പറഞ്ഞിട്ടും വിടാതെ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തി

09:00 AM Oct 31, 2025 | Kavya Ramachandran

ബെംഗളൂരു: ഡെലിവറി ഏജന്റിനെ മലയാളി യുവാവ് കാർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ സ്കൂട്ടർ കാറിൽ ഉരസിയതിന്റെ പേരിലുണ്ടായ തർക്കം. കൊല്ലപ്പെട്ട ദർശനും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടർ മലപ്പുറം സ്വദേശി മനോജ്കുമാറിന്റെ കാറിൽ ഉരസിയതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. കാറിന്റെ വശത്തെ കണ്ണാടിക്ക് കേടുപാടുണ്ടായി. ഇതിൽ തർക്കമുണ്ടായപ്പോൾ, ഡെലിവറി ചെയ്യേണ്ട സാധനം നൽകാൻ വൈകുമെന്നതിനാൽ വേഗത്തിൽ ദർശൻ മനോജ്കുമാറിനോട് ക്ഷമാപണം നടത്തി യാത്ര തുടർന്നു. എന്നാൽ, മനോജ് കുമാർ കാർ പിന്തുടരുകയും ദർശനും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മനോജ് കുമാറിന്റെ ഭാര്യയും കശ്മീർ സ്വദേശിനിയുമായ ആരതി ശർമയും (30) അറസ്റ്റിലായി

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സൗത്ത് ബെംഗളൂരുവിലെ നടരാജ ലേ ഔട്ടിൽ സ്കൂട്ടറിൽ കാറിടിച്ച് ദർശനും സുഹൃത്ത് വരുണും അപകടത്തിൽപ്പെടുകയായിരുന്നു. കാർ നിർത്താതെപോയി. സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിൽ മനോജ്കുമാറും ഭാര്യയുമായിരുന്നെന്ന് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യംചെയ്തതിൽനിന്ന് റോഡിലെ തർക്കത്തിന്റെ പ്രതികാരമായി ദർശൻ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിപ്പിക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.

ബെംഗളൂരുവിലെ കളരിപ്പയറ്റ് കേന്ദ്രത്തിലെ പരിശീലകനുമാണ് മനോജ് കുമാർ(32), മരിച്ച ദർശൻ കെംപത്തള്ളി സ്വദേശിയാണ്.