കൊല്‍ക്കത്ത: മുന്‍ പെണ്‍സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ഓർഡറുകളെ ആശ്രയിച്ച് യുവാവ്. മുന്നൂറ് കാഷ് ഓണ്‍ ഡെലിവറി ഓർഡറുകളാണ് യുവതിയുടെ വിലാസത്തിലേക്ക് യുവാവ് അയച്ചത്. ബാങ്ക് ജീവനക്കാരിയായ 24-കാരിയുടെ പരാതിയില്‍ മുന്‍ സുഹൃത്തായ സുമന്‍ സിക്ദാറിനെ പോലീസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാളിലാണ് സംഭവം
നാലുമാസത്തിനിടെ മുന്നൂറ് കാഷ് ഓണ്‍ ഡെലിവറി ഓർഡറുകളാണ് യുവതിയെ തേടിയെത്തിയത്. ഇതേത്തുടര്‍ന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ സഹപ്രവര്‍ത്തകരാകാം ഇത്തരത്തില്‍ ഓര്‍ഡറുകള്‍ ചെയ്തത് എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍, പിന്നീടാണ് മുന്‍ ആണ്‍സുഹൃത്താണ് ഇതിന് പിന്നിലെന്ന് മനസ്സിലായത്.
നാദിയ സ്വദേശിയാണ് സുമന്‍. യുവതിയും സുമനും പ്രണയത്തിലായിരുന്നു. ഈയടുത്താണ് തമ്മില്‍ പിരിഞ്ഞത്. ഇതേത്തുടര്‍ന്നാണ് യുവതിയെ കാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ വഴി ബുദ്ധിമുട്ടിക്കാന്‍ സുമന്‍ തീരുമാനിച്ചത്. അജ്ഞാത നമ്പറുകളില്‍നിന്ന് സുമന്‍, യുവതിയെ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നെന്നും പോലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ ഷോപ്പിങ് ഇഷ്ടമുള്ള ആളായിരുന്നു യുവതി. സുമനോട് മിക്കപ്പോഴും സമ്മാനങ്ങള്‍ ആവശ്യപ്പെടാറുമുണ്ടായിരുന്നു. എന്നാല്‍, അതിനുള്ള സാമ്പത്തികശേഷി സുമനുണ്ടായിരുന്നില്ല. ഇക്കാരണംകൊണ്ടാണ് യുവതി താനുമായുള്ള പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയത് എന്ന വിശ്വാസത്തിലായിരുന്നു സുമന്‍. ഇതോടെയാണ് ഓണ്‍ലൈനായി ഓര്‍ഡറുകള്‍ ചെയ്ത് യുവതിയെ കഷ്ടപ്പെടുത്താന്‍ സുമന്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ, കഴിഞ്ഞവര്‍ഷം നവംബര്‍ മുതലാണ് പാഴ്‌സലുകള്‍ വരാന്‍ തുടങ്ങിയതെന്ന് യുവതി പറഞ്ഞു. എല്ലാം കാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകളായിരുന്നു. മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ചെറിയ സമ്മാനങ്ങള്‍ തുടങ്ങിയവയായിരുന്നു വന്നിരുന്നത്. ഫെബ്രുവരിയില്‍ വാലന്റൈന്‍ ദിനവുമായി ബന്ധപ്പെട്ട സമ്മാനങ്ങളായിരുന്നു വന്നുകൊണ്ടിരുന്നത്.
തുടര്‍ച്ചയായി ഉത്പന്നങ്ങള്‍ തിരിച്ചുകൊടുത്തതിനെ തുടര്‍ന്ന് ഡെലിവറി ഏജന്റുമാര്‍ യുവതിക്ക് നെഗറ്റീവ് റേറ്റിങ് നല്‍കി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ പരാതി അറിയിച്ചതോടെ അവ തന്നെ ബ്ലോക്ക് ചെയ്തുവെന്നും യുവതി പറഞ്ഞു. ബുധനാഴ്ച സാള്‍ട്ട് ലേക്ക് കോടതിയില്‍ ഹാജരാക്കിയ സുമന് ജാമ്യംലഭിച്ചു.