
കോട്ടയം: പോക്കുവരവ് ചെയ്ത് നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് ഓഫിസറും പാലാ ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാറുമായ പി.കെ. ബിജുമോന് കോട്ടയം വിജിലൻസ് കോടതി ഏഴുവർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷിച്ചു.
2015ൽ കോട്ടയം പുലിയന്നൂർ സ്വദേശിയായ പരാതിക്കാരൻറെയും ഭാര്യയുടെയും പേരിൽ കിടങ്ങൂർ വില്ലേജ് പരിധിയിൽ വാങ്ങിയ 10 സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് നൽകാൻ, കിടങ്ങൂർ വില്ലേജ് ഓഫിസറായിരുന്ന ബിജുമോൻ 3,000 രൂപയും ഒരുകുപ്പി മദ്യവും പരാതിക്കാരനിൽനിന്ന് കൈക്കൂലിയായി വാങ്ങവേ കോട്ടയം വിജിലൻസ് യൂനിറ്റ് പിടികൂടി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് (വിജിലൻസ്) കെ.വി. രജനീഷാണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി. ശിക്ഷിച്ച പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.
 
  
  
 