സഹായത്തിന് അപേക്ഷിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ല ; ട്രക്ക് ഇടിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് യാത്രചെയ്ത് യുവാവ്

07:55 AM Aug 12, 2025 | Suchithra Sivadas

 ട്രക്ക് ഇടിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് യാത്രചെയ്ത് യുവാവ്. ഇടിച്ച വാഹനം നിര്‍ത്താതെ പോയതോടെ സഹായത്തിനായി വിളിച്ചിട്ടും മറ്റ് വാഹനങ്ങള്‍ നിര്‍ത്താതെ വന്നതോടെയാണ് യുവാവ് ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് മുന്നോട്ട് പോയത്. നാഗ്പൂരിലെ ലൊണാരയില്‍ നിന്നും മധ്യപ്രദേശിലെ കരണ്‍പൂരിലേയ്ക്ക് വരികയായിരുന്ന ദമ്പതികള്‍ക്കാണ് അപകടം സംഭവിച്ചത്. ഓഗസ്റ്റ് ഒമ്പതിന് നാഗ്പൂര്‍-ജബല്‍പൂര്‍ ദേശീയ പാതയിലായിരുന്നു സംഭവം. അമിത് യാദവ് എന്നയാളാണ് ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി വെച്ച് യാത്ര ചെയ്തത്.

ഇരുവരും സഞ്ചരിക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രക്ക് ബൈക്കിലിടിച്ച് യുവതി തെറിച്ചുവീഴുകയായിരുന്നു. നിര്‍ത്താതെ പോയ ട്രക്ക് യുവതിയുടെ ശരീരത്തിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. കരഞ്ഞ് വിളിച്ചിട്ടും പിന്നാലെ വന്ന വാഹനങ്ങള്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് അമിതിന് ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി വെച്ച് കൊണ്ടുപോകേണ്ടി വരികയായിരുന്നു. സംഭവം കണ്ട് വന്ന പൊലീസ് ബൈക്ക് നിര്‍ത്തിപ്പിക്കുകയും ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. സംഭവത്തില്‍ അപകട മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.