580 ദിവസത്തിലധികമായി ഹമാസ് തടങ്കലില്‍ കഴിയുന്ന ഇസ്രയേലി - അമേരിക്കന്‍ പൗരനായ ഈഡന്‍ അലക്സാണ്ടറിനെ വിട്ടയക്കാന്‍ തീരുമാനം. മെയ് 13 ചൊവ്വാഴ്ച, ഈഡനെ വിട്ടയക്കുമെന്ന് ഹമാസ് നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിന്റെ തടങ്കലിലുള്ള അവസാനത്തെ യുഎസ് പൗരനാണ് ഈഡന്‍ അലക്സാണ്ടര്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഗാസയിലേക്ക് മരുന്നും ഭക്ഷണവും അടക്കമുള്ളവ എത്തിക്കുന്ന നടപടിയുടെ ഭാഗമായുമാണ് ഈ വിട്ടയയ്ക്കല്‍ നടപടി ഉണ്ടാകുന്നത്. യുഎസ്, ഖത്തര്‍, ഈജിപ്ത്, ഹമാസ് തുടങ്ങിയവര്‍ തമ്മിലുണ്ടായ ചര്‍ച്ചകളിലാണ് ഈഡനെ വിട്ടയക്കാന്‍ തീരുമാനമുണ്ടായത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യ സന്ദര്‍ശനത്തിന്റെ മുന്നോടിയായി വിട്ടയയ്ക്കല്‍ നടക്കും. ഇതൊരു പോസിറ്റീവ് ആയ നടപടിയാണെന്നും കൈവശമുളള മറ്റ് അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങളും ഹമാസ് വിട്ടുനല്‍കണമെന്നും വാഷിങ്ടണിന്റെ പ്രത്യേക പ്രതിനിധി ആദം ബോഹ്‌ലെര്‍ പറഞ്ഞു.
ഇസ്രയേലില്‍ ജനിച്ച, അമേരിക്കയില്‍ വളര്‍ന്ന ഈഡന്‍ അലക്സാണ്ടര്‍ ഗാസ അതിര്‍ത്തിയില്‍ എലൈറ്റി ഇന്‍ഫാന്ററി യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഹമാസിന്റെ പിടിയിലാകുന്നത്. 2023 ല്‍ 251 പേരെയാണ് ഹമാസ് തടങ്കലിലാക്കിയത്. ഇതില്‍ അഞ്ചുപേര്‍ തങ്ങളുടെ പൗരന്മാരാണെന്നാണ് യുഎസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ത്തന്നെ ആകെ ജീവനോടെയുള്ളത് ഈഡന്‍ മാത്രമാണ്.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് തങ്ങളുമായി സംസാരിച്ചെന്നും, ഭാവിയിലെ ചര്‍ച്ചകള്‍ക്ക് ഈഡനെ വിട്ടുനല്‍കുന്നത് ഉപകാരപ്പെടുമെന്നും നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.