+

14 ലക്ഷം രൂപ ശമ്പളം ഉപേക്ഷിച്ച് വിദേശത്ത് പഠിക്കാന്‍ പോയി, പാര്‍ട്‌ടൈം ജോലി വെയ്റ്റര്‍, വിദേശ പഠനത്തിന്റെ ദുരിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യക്കാരന്‍

വിദേശത്ത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരികയാണ്.

ന്യൂഡല്‍ഹി: വിദേശത്ത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരികയാണ്. ജോലി സാധ്യതയും ജോലി ചെയ്യുന്ന രാജ്യത്തെ പൗരത്വവും ഉയര്‍ന്ന ശമ്പളവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നുണ്ട്.

കാനഡ ആസ്ഥാനമായുള്ള ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ സ്ഥാപകനായ ഇന്ത്യന്‍ വംശജനായ ദേവ് മിത്ര, കഴിഞ്ഞദിവസം വിനാമ്രെ കസാനയ്ക്കൊപ്പം നടത്തിയ പോഡ്കാസ്റ്റില്‍ വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ തന്റെ ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തി.

കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ വര്‍ഷം 14 ലക്ഷം രൂപ ശമ്പളത്തില്‍ ലഭിച്ച ജോലി ഉപേക്ഷിച്ചാണ് വിദേശത്തേക്ക് പോയതെന്ന് ദേവ് മിത്ര പറയുന്നു. പഠനത്തിനായി ജോലി ഉപേക്ഷിക്കുക മാത്രമല്ല, അവിടെയെത്തിയശേഷം വിദ്യാഭ്യാസ ചെലവിനായി വെയിറ്ററായി ജോലി ചെയ്യാനും നിര്‍ബന്ധിതനായി. കഴിഞ്ഞ ആറ് വര്‍ഷമായി അദ്ദേഹം താമസിക്കുന്നത് കാനഡയിലാണ്. അവിടുത്തെ ജീവിതത്തെക്കുറിച്ചും രാജ്യത്തെ സുരക്ഷയെക്കുറിച്ചും ഇന്ത്യക്കാര്‍ക്കെതിരായ വംശീയതയെക്കുറിച്ചുമെല്ലാം മിത്ര തുറന്നുപറഞ്ഞു.

വിദേശത്ത് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി എന്നത് വിഷമകരമായ സാഹചര്യമാണെന്നാണ് മിത്രയുടെ അഭിപ്രായം. ഗൂഗിളില്‍ നിന്നുള്ള വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് പഠിക്കാന്‍ പോയത്. ജോലി ചെയ്യുമ്പോഴും പഠിക്കുമ്പോഴും വായ്പകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മിത്ര വിശദീകരിക്കുന്നുണ്ട്.

മിത്രയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണത്തിനാണ് ഇടയാക്കിയത്. വിദേശ പഠനം തന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാവുന്ന മിത്ര വെയിറ്ററായി ജോലി ചെയ്തതില്‍ വിഷമിക്കാനൊന്നുമില്ലെന്നാണ് ചിലരുടെ അഭിപ്രായം.

പഠനത്തില്‍ മിടുക്കനായ മിത്ര ബിഷപ്പ് കോട്ടണ്‍ സ്‌കൂളിലും പിന്നീട് ആല്‍കോണ്‍ പബ്ലിക് സ്‌കൂളിലുമാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും ഓസ്ട്രേലിയയിലെ യുഎന്‍എസ്ഡബ്ല്യുവില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

സിപിഎ ഗ്ലോബലിന്റെ അസോസിയേറ്റ് ആയി കരിയര്‍ ആരംഭിച്ചു. തുടര്‍ന്ന് ഹ്യൂറോണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പില്‍ വിവിധ റോളുകളില്‍ പ്രവര്‍ത്തിച്ചു. 2021-ല്‍ ബോട്ടിക് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മാട്രിക്‌സ് വെഞ്ച്വര്‍ സ്റ്റുഡിയോ സ്ഥാപിച്ചതോടെയാണ് മിത്ര പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

facebook twitter