എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരെ നിയമിക്കാതെ മാനേജ്മെന്റുകളുടെ കള്ളക്കളി, ലക്ഷങ്ങളുടെ കോഴ ഇല്ലാതാകും, വാങ്ങുന്നത് 70 ലക്ഷം രൂപ വരെ, ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ വിരട്ടുന്നു

11:39 AM Oct 04, 2025 | Raj C

തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങളില്‍ മാനേജ്മെന്റുകള്‍ നടത്തുന്ന കള്ളക്കളി വിവാദമാകുന്നു. സുപ്രീംകോടതി വിധിയും ഹൈക്കോടതി ഉത്തരവുകളും അനുസരിച്ച് ഏകദേശം 7,000 ഒഴിവുകള്‍ ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവയ്‌ക്കേണ്ടതുണ്ടെങ്കിലും, മാനേജര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത് വെറും 1,345 ഒഴിവുകള്‍ മാത്രം.

ഭിന്നശേഷി നിയമനങ്ങളില്‍ കോഴ വാങ്ങാന്‍ കഴിയാത്തതുകൊണ്ടാണെന്ന് മാനേജ്‌മെന്റുകള്‍ കള്ളക്കളി നടത്തുന്നത് എന്നാണ് ആരോപണം. സാധാരണ നിയമനങ്ങളില്‍ 20 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ കോഴ വാങ്ങുന്നുണ്ടെന്ന ആരോപണം ശക്തമാണ്.

ജില്ലാതലത്തിലുള്ള വിവരങ്ങള്‍ നോക്കിയാല്‍, തൃശൂരാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ (172) റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കിയില്‍ ഏറ്റവും കുറവ് (28). മറ്റു ജില്ലകളുടെ കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം-54, കൊല്ലം-98, പത്തനംതിട്ട-42, ആലപ്പുഴ-70, കോട്ടയം-93, എറണാകുളം-135, പാലക്കാട്-98, മലപ്പുറം-147, കോഴിക്കോട്-131, വയനാട്-38, കണ്ണൂര്‍-146, കാസര്‍കോട്-93.

മാനേജ്മെന്റുകളുടെ ബോധപൂര്‍വമായ അവഗണനയാണ് ഒഴിവുകള്‍ മറച്ചുവെക്കാന്‍ കാരണം. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സമുദായ സംഘടനകള്‍ നടത്തുന്ന മാനേജ്‌മെന്റുകള്‍ വോട്ടുബാങ്ക് ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രതിരോധവും വിരട്ടലും നടക്കില്ലെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

സുപ്രീംകോടതി വിധി പ്രകാരം, ഭിന്നശേഷി സംവരണ നിയമനങ്ങള്‍ സമയബന്ധിതമായി നടത്താന്‍ ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഉദ്യോഗാര്‍ഥികളുടെ പട്ടിക ലഭ്യമാക്കി, റാങ്ക് ലിസ്റ്റ് അനുസരിച്ച് ശുപാര്‍ശ നല്‍കുന്നത് ഈ സമിതികളാണ്. മാനേജര്‍ക്ക് ശുപാര്‍ശ ലഭിച്ച് 15 ദിവസത്തിനകം നിയമന ഉത്തരവ് പുറപ്പെടുവിക്കണം. ഈ മാസം 25-നകം പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ പ്രക്രിയ തടസ്സപ്പെടുകയാണ്.

സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഉപയോക്താക്കള്‍ പറയുന്നത്, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ അഴിമതി വ്യാപകമാണ് എന്നാണ്. 70 ലക്ഷം കൊടുത്താല്‍ പോലും ജോലി ഉറപ്പില്ലെന്നും സമുദായ സംഘടനകളുടെ മാനേജ്‌മെന്റുകളാണ് കോഴക്കാര്യത്തില്‍ മുന്നിലെന്നും ആരോപിക്കുന്നു.

ഭിന്നശേഷി സംവരണത്തില്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണെന്നതിനാല്‍, മാനേജ്മെന്റുകള്‍ക്ക് 'ഡീല്‍' ചെയ്യാന്‍ സാധിക്കുന്നില്ല. 2016-ലെ ഡിസേബിലിറ്റീസ് ആക്ട് പ്രകാരം 4% ആണ് ഭിന്നശേഷി നിയമനം. കേരള ഹൈക്കോടതി 2020-ല്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഈ ക്വോട്ട പാലിക്കാന്‍ ഉത്തരവിട്ടു.

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളാണ് ഭിന്നശേഷി നിയമനത്തിന്റെ കാര്യത്തില്‍ പ്രധാനമായും മുഖംതിരിച്ചു നില്‍ക്കുന്നത്. എയ്ഡഡ് സ്‌കൂളുകളിലെ എല്ലാ നിയമനങ്ങളും പി എസ് സി വഴി നടത്താന്‍ കാലങ്ങളായി ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍, സമുദായ സംഘടനകളുടെ എതിര്‍പ്പ് ഭയന്ന് സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുന്നില്ല. നിലവില്‍ നിയമനങ്ങള്‍ മാനേജ്‌മെന്റ് നടത്തുകയും ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുകയുമാണ് ചെയ്യുന്നത്.