ടെക്കിയാണെന്ന് പറഞ്ഞിട്ടെന്താ, വിവരമില്ലെങ്കില്‍ പണികിട്ടും, തട്ടിപ്പുകാര്‍ ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത് 11 കോടി രൂപ

04:42 PM Dec 25, 2024 | Raj C

ബെംഗളുരു: ഡിജിറ്റല്‍ അറസ്റ്റിലൂടെ രാജ്യമെങ്ങും തട്ടിപ്പുകാര്‍ വിലസുന്ന വാര്‍ത്തകള്‍ക്കിടയിലും ഇത്തരം തട്ടിപ്പിനിരയായി ബെംഗളുരു സ്വദേശിയായ ടെക്കി. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ തട്ടിപ്പുകാര്‍, 39 കാരനായ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറില്‍ നിന്നും നവംബര്‍ 25 നും ഡിസംബര്‍ 12 നും ഇടയില്‍ 11.8 കോടി രൂപ തട്ടിയെടുത്തു.

നവംബര്‍ 11 ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ കോള്‍ ആണ് ആദ്യമെത്തിയതെന്ന് യുവാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച തന്റെ സിം നിയമവിരുദ്ധമായ പരസ്യങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും ഉപയോഗിച്ചതായി ഫോണ്‍ വിളിച്ചതായി ആരോപിച്ചു.

മുംബൈയിലെ കൊളാബ സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകാരന്‍ അവകാശപ്പെട്ടു. ഇതിന് പിന്നാലെ പോലീസുകാരനാണെന്ന വ്യാജേന മറ്റൊരു കോള്‍ എത്തി. കള്ളപ്പണം വെളുപ്പിക്കാനുള്ള ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ വിശദാംശങ്ങള്‍ ഉപയോഗിക്കുന്നതായാണ് വ്യാജ പോലീസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചത്.

സംഭവം രഹസ്യമായി സൂക്ഷിക്കണമെന്ന ഭീഷണിയും ഇരയ്ക്ക് ലഭിച്ചിരുന്നു. വെര്‍ച്വല്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ നേരിട്ട് അറസ്റ്റ് ചെയ്യുമെന്നും തട്ടിപ്പുകാരന്‍ ഭീഷണിപ്പെടുത്തി.

നവംബര്‍ 25 ന്, പോലീസ് യൂണിഫോമില്‍ മറ്റൊരാള്‍ സ്‌കൈപ്പില്‍ വിളിച്ച് തന്റെ കേസ് സുപ്രീം കോടതിയില്‍ വിചാരണയിലാണെന്ന് അവകാശപ്പെടുകയും അനുസരിച്ചില്ലെങ്കില്‍ കുടുംബത്തെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആവശ്യപ്പെടുന്ന പണം കൈമാറിയാല്‍ കേസ് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു.

അറസ്റ്റിനെ ഭയന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒന്നിലധികം ഇടപാടുകളിലായി മൊത്തം 11.8 കോടി രൂപ കൈമാറ്റം ചെയ്തതായി ടെക്കി പറയുന്നു. കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോഴാണ് തട്ടിപ്പിന് ഇരയായത് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.