+

ഐആര്‍സിടിസി വെബ്‌സൈറ്റ് ഉടായിപ്പോ? തത്കാല്‍ ടിക്കറ്റ് കിട്ടാക്കനി, ഇന്ത്യ ചന്ദ്രനിലെത്തി, എന്നിട്ടും സര്‍വറിന് അനക്കമില്ല

തിരിക്കേറിയ വേളകളില്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇന്ത്യയിലെ യാത്രക്കാര്‍ക്ക് ആശ്രയമായ തത്കാല്‍ ടിക്കറ്റ് കിട്ടാക്കനി.

ന്യൂഡല്‍ഹി: തിരിക്കേറിയ വേളകളില്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇന്ത്യയിലെ യാത്രക്കാര്‍ക്ക് ആശ്രയമായ തത്കാല്‍ ടിക്കറ്റ് കിട്ടാക്കനി. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി തിരിക്കുന്ന യാത്രക്കാരെ വട്ടംചുറ്റിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) വെബ്‌സൈറ്റും ആപ്പും.

വ്യാഴാഴ്ച സൈറ്റും ആപ്പും ഒരുപോലെ പണിമുടക്കുകയും ചെയ്തത് യാത്രക്കാരെ പ്രകോപിപ്പിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. രാജ്യം ഐടി രംഗത്ത് ഇത്രയേറെ പുരോഗതി പ്രാപിച്ചെന്ന് അവകാശപ്പെടുമ്പോഴും ഓണ്‍ലൈന്‍ ടിക്കറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്നത് നാണക്കേടാണെന്നാണ് പലരും പ്രതികരിച്ചത്.

ആയിരക്കണക്കിന് യാത്രക്കാര്‍ ഒരേസമയം ഉപയോഗിക്കുന്ന തിരക്കേറിയ സമയങ്ങളിലെല്ലാം സൈറ്റ് വേണ്ടവിധം പ്രവര്‍ത്തിക്കില്ല. തത്കാല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ച് ആദ്യ പത്ത് മിനിറ്റ് കഴിയാതെ ടിക്കറ്റുകള്‍ ലഭ്യമാകുന്നത് അത്യപൂര്‍വമാണ്. 10 മിനിറ്റ് കഴിയുമ്പോഴേക്കും തിരക്കേറിയ റൂട്ടുകളിലെല്ലാം വെയിറ്റിങ് ലിസ്റ്റ് ആയിക്കഴിഞ്ഞിരിക്കും.

ഇന്ത്യ ചന്ദ്രനില്‍ എത്തി, പക്ഷേ ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് ആപ്പിന് തത്കാല്‍ ബുക്കിംഗ് കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഇത് 2024 ആണ്, സ്ഥിരതയുള്ള ഒരു സെര്‍വര്‍ പോലും ഇല്ലെന്നും ഒരു ഉപയോക്താവ് പ്രതികരിച്ചു.

ഐആര്‍സിടിസി വെബ്‌സൈറ്റില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് മറ്റൊരാളുടെ പ്രതികരണം. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഐടി ഹബ്ബാണ്, എന്നിട്ടും ഒരു വെബ്സൈറ്റ് ശരിയാക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നികുതി പിരിക്കാം, പക്ഷേ തിരിച്ച് ശരിയായ സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെടുന്നു. എന്തൊരു നാണക്കേടെന്നാണ് വേറൊരു ഉപയോക്താവ് പറയുന്നത്.

ഡിസംബറില്‍ ഐആര്‍സിടിസി തകരാറിലാകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ, ഡിസംബര്‍ 9 ന് ഇ-ടിക്കറ്റിംഗ് പ്ലാറ്റ്ഫോം തടസ്സപ്പെട്ടിരുന്നു. ചില ആപ്പുകള്‍ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റുകള്‍ വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്ന സംഘങ്ങളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴും ഈ രീതിയില്‍ ടിക്കറ്റെടുക്കുന്നത് വ്യാപകമാണെന്ന സംശയത്തിലാണ് യാത്രക്കാര്‍.

 

facebook twitter