ദിലീപ് നായകനാകുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’യിലെ പുതിയ ഗാനം റീലിസ് ചെയ്തു. ദിലീപിനുവേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള അഫ്സൽ ശബ്ദം പകർന്ന ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം മാജിക്ക് ഫ്രെയിംസ് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.
സനൽ ദേവ് ഈണമിട്ട ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ചിത്രത്തിൽ ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, സിദ്ധിഖ്, ബിന്ദു പണിക്കർ, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ ദിലീപിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി എന്നതും ശ്രദ്ധേയമാണ്.
ഇതിനകം പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ പത്ത് ലക്ഷം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന് ശേഷം സിദ്ധിഖും, ബിന്ദു പണിക്കരും വീണ്ടും ദിലീപിന്റെ അച്ഛനും അമ്മയുമായി അഭിനയിക്കുന്നുണ്ട് പ്രിൻസ് ആൻഡ് ഫാമിലിയിൽ. മാർച്ച് 12 ന് റീലിസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജനഗണമന, ക്വീൻ, മലയാളി ഫ്രെയിം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് ആണ്.
പ്രിൻസ് ആൻഡ് ഫാമിലിക്ക് ശേഷം തിയറ്ററുകളിലെത്താൻ പോകുന്ന ദിലീപ് ചിത്രം ‘ഭഭബ’ ആണ്. അഭിനേതാക്കളായ നൂറിൻ ഷെരീഫും, ഫഹീം സഫറും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥിവേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.