മറ്റൊരു സിനിമകൂടി കുടുംബ പ്രേക്ഷകര്‍ കൈയ്യൊഴിയുന്നു, കൈവിടരുതെന്ന് അപേക്ഷിച്ച് ദിലീപ്, നടി പീഡന കേസിനുശേഷം പിടിച്ചുനില്‍ക്കാനാതെ ജനപ്രിയന്‍

07:14 PM May 16, 2025 | Raj C

കൊച്ചി: ജനപ്രിയ നായകന്‍ എന്നായിരുന്നു നടന്‍ ദിലീപ് അറിയപ്പെട്ടിരുന്നത്. ഏതു സിനിമ ഇറങ്ങിയാലും മിനിമം ഗ്യാരന്റി ഉറപ്പുള്ള നടന്‍. പരാജയങ്ങള്‍ പേരിനുമാത്രം. എന്നാല്‍, നടി പീഡനക്കേസിനുശേഷം ദിലീപിന് തൊട്ടതെല്ലാം പിഴച്ചു.

2017ലെ കേസിനുശേഷം ദിലീപിന് ഭേദപ്പെട്ട വിജയം നേടാനായത് രാമലീല എന്ന സിനിമയ്ക്ക് മാത്രമാണ്. കമ്മാരസംഭവം നിരൂപ പ്രശംസ നേടിയെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. കുടുംബ ചിത്രങ്ങള്‍ എന്ന പേരില്‍ പിന്നീട് പല സിനിമകളും വന്നെങ്കിലും പ്രേക്ഷകര്‍ തിരിഞ്ഞുനോക്കിയില്ല.
 
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യും തീയേറ്ററുകളില്‍ അധികം ഓളമുണ്ടാക്കിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മോഹന്‍ലാല്‍ ശോഭന ജോഡി കൂട്ടുകെട്ടിന്റെ തുടരും മെഗാഹിറ്റായത് ദിലീപിന് തിരിച്ചടിയായി. അവധിക്കാലത്ത് കുടുംബ പ്രേക്ഷകരേയും കുട്ടികളേയും ലക്ഷ്യമിട്ടെത്തിയ സിനിമ നിരാശപ്പെടുത്തുന്നതാണ്.

കേസ് ദിലീപിന്റെ പൊതുജന ഇമേജിനെ കാര്യമയി ബാധിച്ചതാണ് സിനിമകള്‍ പരാജയപ്പെടാന്‍ പ്രധാന കാരണം. ദിലീപ് നായകനായി എത്തുന്ന ഏതു സിനിമയും വിജയിപ്പിച്ചിരുന്ന കുടുംബ പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും നടന്റെ സിനിമ കാണാനെത്തുന്നില്ല.

മലയാള സിനിമയില്‍ ജനപ്രിയ നായകന്‍ എന്ന ഇമേജ് ഉണ്ടായിരുന്ന ദിലീപ് പീഡന കേസില്‍ ജയിലിലായത് പ്രേക്ഷകരുടെയും ഒരു വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. സിനിമ ഇറങ്ങുമ്പോഴേക്കും നെഗറ്റീവ് റിവ്യൂകള്‍ എത്തുന്നതും സിനിമയെ ബാധിക്കുന്നു.

ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ദിലീപ് തെരഞ്ഞെടുക്കുന്ന സിനിമകളുടെ നിലവാരത്തകര്‍ച്ചയും പ്രേക്ഷകര്‍ തഴയാന്‍ കാരണമായി. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലും നടന്‍ പരാജയമായി. കോമഡി സിനിമകളെന്ന പേരില്‍ കണ്ടുമടുത്ത രംഗങ്ങളുടെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതാണ്.

മലയാള സിനിമയില്‍ റിയലിസ്റ്റിക്, കണ്ടന്റ് ഓറിയന്റഡ് സിനിമകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ ദിലീപിന്റെ പരമ്പരാഗത കോമഡി-ഫാമിലി ശൈലി പ്രേക്ഷകര്‍ക്ക് മടുപ്പുണ്ടാക്കുന്നു. ഓരോ സിനിമ ഇറങ്ങുമ്പോഴും പ്രേക്ഷകരോട് കൈവെടിയരുതെന്ന അപേക്ഷയുമായി എത്തുകയാണ് ദിലീപ്. എന്നാല്‍, മികച്ച സിനിമയുടെ ഭാഗമാകാതെ താരത്തിന് തിരിച്ചുവരാന്‍ കഴിയില്ലെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.