യുവാക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ച്യുയിങ്ഗം. കൂടുതൽ പേർക്കും പ്രിയപ്പെട്ട ഒന്നാണിത്. യുവാക്കളെ കൂടാതെ കുട്ടികളും കൂടുതലായി ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ആരും ഇതിന് പിന്നാലെ വരുന്ന അസുഖത്തെ കുറിച്ച് ചിന്തിക്കാറില്ല.
ജോലിക്കിടയിലെ വിരസത മാറ്റാനും ഏകാഗ്രത വർധിപ്പിക്കാനും ച്യുയിങ്ഗം സഹായിക്കുന്നു. വായ്‌നാറ്റം ഇല്ലാതാക്കി മികച്ച ശ്വാസോച്ഛാസത്തിനും ച്യുയിങ്ഗം ഒരു പരിഹാരമാണ്. ചവയ്ക്കാൻവേണ്ടി രൂപകല്പന ചെയ്ത ഈ മിഠായി ഉത്പന്നം ബബിൾഗം എന്ന പേരിലും അറിയപ്പെടുന്നു. മാർക്കറ്റിൽ ഇവയുടെ വിവിധ ഫ്‌ളേവറുകൾ ഇന്ന് ലഭ്യമാണ്.
എന്നാൽ ച്യുയിങ്ഗത്തിൽ വലിയ അപകടം പതിയിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. ച്യുയിങ്ഗം ഓരോ തവണ ചവയ്ക്കുമ്പോഴും, അതിസൂക്ഷ്മമായ പ്ലാസ്റ്റിക് കഷണങ്ങൾ നമ്മുടെ വയറിലെത്തുന്നുണ്ടെന്നാണ് ഗവേഷണ ഫലം വ്യക്തമാക്കുന്നത്. ഈ മൈക്രോപ്ലാസ്റ്റിക്കുകൾ കാലക്രമേണ നമ്മുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും തത്ഫലമായി മറവി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുമെന്നും പഠനത്തിലുണ്ട്.
പ്ലാസ്റ്റിക്കാണ് ച്യുയിങ്ഗത്തിന്റെ അടിസ്ഥാനം. ബാഗുകളിലും പശകളിലും ഉപയോഗിക്കുന്ന പോളിയെത്തിലീൻ, പോളിവിനൈൽ അസിറ്റേറ്റ് തുടങ്ങിയ സിന്തറ്റിക് പോളിമറുകൾ അതിൽ അടങ്ങിയിട്ടുണ്ട്. ചവയ്ക്കുമ്പോൾ ഈ പ്ലാസ്റ്റിക്കുകൾ വളരെ സൂക്ഷ്മമായി അകത്തേക്കിറങ്ങുന്നു എന്നാണ് പഠനവിശദീകരണം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ തലച്ചോറിന് പ്രശ്‌നം സൃഷ്ടിക്കുമെന്നും അൾഷൈമേഴ്‌സ്, പാർക്കിൻസൺ പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നും പഠനമുണ്ട്.