വെൻഡിംഗ് മെഷീനുകള്‍ വഴി മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്

12:01 PM Oct 13, 2025 | Renjini kannur

കുവൈത്ത് സിറ്റി: സെല്‍ഫ് സർവിസ് വെൻഡിംഗ് മെഷീനുകള്‍ വഴി മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്.ഇതിനായി, 2025-ലെ 240-ാം നമ്ബർ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ച്‌ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുല്‍ വഹാബ് അല്‍-അവാദി.

സ്വകാര്യ മേഖലയില്‍ മരുന്നുകളുടെ വിതരണം നിയന്ത്രിക്കുന്ന നിയമനിർമാണം പൂർത്തിയാക്കാനും, അംഗീകൃത ആരോഗ്യ, നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനം
 

പ്രധാന വ്യവസ്ഥകള്‍

2025-ലെ 238-ാം നമ്ബർ മന്ത്രിതല പ്രമേയത്തില്‍ പട്ടികപ്പെടുത്തിയ മരുന്നുകളോ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളോ വെൻഡിംഗ് മെഷീനുകള്‍ വഴി സ്വകാര്യ ഫാർമസികള്‍ക്ക് പ്രദർശിപ്പിക്കാം. അതേസമയം, ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ച എല്ലാ വ്യവസ്ഥകളും പാലിക്കുകയും ഡ്രഗ് കണ്‍ട്രോള്‍ സെക്ടറിന്റെ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗത്തിന് ഇലക്‌ട്രോണിക് അപേക്ഷകള്‍ സമർപ്പിക്കുകയും വേണം.

1) ഫാർമസികള്‍ക്ക് സാധുവായ പ്രവർത്തന ലൈസൻസ് ഉണ്ടായിരിക്കണം.
2) മെഷീനുകളുടെ നിയന്ത്രണത്തിനായി ലൈസൻസുള്ള ഫാർമസിസ്റ്റോ ടെക്നീഷ്യനോ ഉണ്ടായിരിക്കണം.
3) മെഷീനുകളുടെ ഉടമസ്ഥത, വാടകയോ, അവയുടെ കൃത്യമായ സ്ഥാനം, മരുന്ന് വിതരണത്തിനുള്ള പ്രത്യേക അനുമതി എന്നിവയുടെ തെളിവ് നല്‍കണം.
4) മെഷീനുകള്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില നിലനിർത്തണം.

5) കണ്ടെയ്നറുകള്‍ വൃത്തിയുള്ളതും കേടുപാടുകള്‍ ഇല്ലാത്തതുമായിരിക്കണം.
6) കാലാവധി കഴിഞ്ഞതോ രജിസ്റ്റർ ചെയ്യാത്തതോ ആയ ഉല്‍പ്പന്നങ്ങള്‍ പ്രദർശിപ്പിക്കാൻ പാടില്ല.
7) അംഗീകൃത പട്ടികയിലുള്ള മരുന്നുകള്‍ മാത്രം വില്‍ക്കാം, കുറഞ്ഞത് നാല് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
8) മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക വിലകള്‍ പാലിക്കണം.
മറ്റ് നിബന്ധനകള്‍

1) ഓരോ മെഷീനും കുറഞ്ഞത് 100 മീറ്റർ അകലത്തില്‍ സ്ഥാപിക്കണം.
2) ഓരോ ഫാർമസിക്കും പരമാവധി അഞ്ച് വെൻഡിംഗ് മെഷീനുകള്‍ പ്രവർത്തിപ്പിക്കാം.
3) ഓരോ മെഷിന്റെയും ലൈസൻസ് ഒരു വർഷത്തെ കാലാവധിയുള്ളതാണ്, എല്ലാ നിബന്ധനകളും പാലിച്ചാല്‍ ഇത് വീണ്ടും പുതുക്കാവുന്നതാണ്.
4) സേവനം താല്‍ക്കാലികമായി നിർത്തിവെച്ചാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗത്തെ വിവരം അറിയിക്കണം.

ശിക്ഷകള്‍

തീരുമാനത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവർക്ക് ഫാർമസി പ്രൊഫഷനും മരുന്ന് വിതരണവും നിയന്ത്രിക്കുന്ന 1996-ലെ 28-ാം നമ്ബർ നിയമ പ്രകാരം ശിക്ഷകള്‍ നേരിടേണ്ടിവരും. കൂടാതെ മന്ത്രാലയത്തിന്റെ ഭരണപരമായ ശിക്ഷകളും ലഭിക്കും.

ലക്ഷ്യങ്ങള്‍

മരുന്നുകളുടെ ലഭ്യത വർധിപ്പിക്കുക, ഫാർമസ്യൂട്ടിക്കല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, മരുന്നുകള്‍ സുരക്ഷിതവും നിയന്ത്രിതവുമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങള്‍.