അഹമ്മദാബാദ്: മദ്യനിരോധനം നിലവിലുളള ഗുജറാത്തില്‍ രണ്ട് കോടിയിലധികം വിലവരുന്ന വിദേശമദ്യം പിടികൂടി. ദീപാവലിക്ക് മുന്നോടിയായി അഹമ്മദാബാദ് പൊലീസ് നടത്തിയ റെയ്ഡുകളിലാണ് വിദേശമദ്യം കണ്ടെത്തിയത്. ഇവ ബുള്‍ഡോസറുപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു. അഹമ്മദാബാദ് ഈസ്റ്റിലെ സോണ്‍ അഞ്ചിലുളള റാമോല്‍, നികോല്‍, ഒദ്ധവ്, രാഖിയാല്‍, ഗോമതിപൂര്‍, ബാപുനഗര്‍, അംറൈവാഡി എന്നീ മേഖലകളില്‍ നടത്തിയ റെയ്ഡുകളില് 1.69 കോടി വിലയുളള വിദേശമദ്യമാണ് പിടികൂടിയത്.
സോണ്‍ ഏഴിലുളള സര്‍ഖേജ്, വാസ്ന, സാറ്റലൈറ്റ്, ബോദക്ദേവ്, വെജല്‍പൂര്‍, എല്ലീസ് ബ്രിഡ്ജ്, അനന്ദ്നഗര്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 37 ലക്ഷം വിലമതിക്കുന്ന വിദേശമദ്യവും പിടികൂടി.
പിടിച്ചെടുത്ത മദ്യം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു മദ്യക്കുപ്പികള്‍ ബുള്‍ഡോസറുപയോഗിച്ച് നശിപ്പിച്ചത്.സമ്പൂര്‍ണ മദ്യനിരോധനം നിലവിലുളള ഗുജറാത്തില്‍ മദ്യനിര്‍മാണവും ഉപയോഗവും കൈവശംവയ്ക്കലുമെല്ലാം കുറ്റകരമാണ്.