മുംബൈ: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നതുകൊണ്ടുമാത്രം പിതൃത്വം തെളിയിക്കാനായി കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആർ.എം ജോഷിയുടെ നാഗ്പുർ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. അസാധാരണമായ കേസുകളിൽ മാത്രമേ അത്തരമൊരു ജനിതക പരിശോധനയ്ക്ക് ഉത്തരവിടൂ എന്നും കോടതി കൂട്ടിച്ചേർത്തു.
ഭാര്യയുടെ വിവാഹേതര ബന്ധത്തിന്റെ പേരിൽ തനിക്ക് വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് ഒരു പുരുഷൻ അവകാശപ്പെടുന്നതുകൊണ്ട് മാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് ജൂലായ് ഒന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ഭാര്യയ്ക്കെതിരേ വിവാഹേതര ബന്ധം ആരോപിക്കുകയാണെങ്കിൽ കുട്ടിയെ പിതൃത്വപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പകരം മറ്റേതെങ്കിലും തെളിവുകൾ ഉപയോഗിച്ച് അത് തെളിയിക്കാമെന്ന് കോടതി പറഞ്ഞു.
കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പ്രൊഫൈലിങ് പരിശോധന നടത്താൻ നിർദേശിച്ച 2020 ഫെബ്രുവരിയിലെ കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവിൽനിന്ന് വേർപിരിഞ്ഞുകഴിയുന്ന ഭാര്യയും അവരുടെ 12 വയസുള്ള മകനും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതുവഴി കുടുംബ കോടതി തെറ്റുചെയ്തുവെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ താത്പര്യം പരിഗണിക്കാൻ കുടുംബ കോടതിക്ക് ബാധ്യതയുണ്ടായിരുന്നുവെന്നും ജസ്റ്റിസ് ജോഷിയുടെ ഉത്തരവിൽ പറയുന്നു.
പരിശോധനയ്ക്ക് സമ്മതിക്കാനോ നിരസിക്കാനോ തീരുമാനമെടുക്കാൻ പോലും കഴിവില്ലാത്ത ആരെയും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ, രക്തപരിശോധനയ്ക്ക് വിധേയമാക്കാൻ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവ് പരാമർശിച്ചുകൊണ്ട് ജസ്റ്റിസ് ജോഷി പറഞ്ഞു. കുട്ടിയെ ഇത് എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.