+

ഇന്ത്യ ആരില്‍നിന്ന് എന്തു വാങ്ങണമെന്ന് തീരുമാനിക്കുന്നത് ട്രംപ്, അനുസരിച്ചില്ലെങ്കില്‍ കനത്ത തീരുവയും പിഴയും, റഷ്യയുമായുള്ള അടുപ്പം ഇഷ്ടമായില്ല, മോദിയുടെ ഫ്രണ്ട് ഇന്ത്യയോട് കളിക്കുന്ന കളി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ചത് രാജ്യത്തെ വ്യവസായ കാര്‍ഷിക വളര്‍ച്ചയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ചത് രാജ്യത്തെ വ്യവസായ കാര്‍ഷിക വളര്‍ച്ചയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈ തീരുമാനം 2025 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

ട്രംപിന്റെ പ്രഖ്യാപനം പ്രധാനമായും രണ്ട് കാരണങ്ങളാലാണെന്നാണ് കരുതുന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ഇതില്‍ ആദ്യത്തേത്. ഇന്ത്യ റഷ്യയില്‍ നിന്ന് തുടര്‍ച്ചയായി ക്രൂഡ് ഓയില്‍, സൈനിക ഉപകരണങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.

ഇന്ത്യയുടെ ഉയര്‍ന്ന തീരുവകളും വ്യാപാര തടസ്സങ്ങളും യു.എസിന്റെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും ട്രംപ് ആരോപിക്കുന്നു. ട്രംപ് തന്റെ പോസ്റ്റില്‍ 'ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും' എന്ന് പരാമര്‍ശിച്ചുകൊണ്ട്, ഇന്ത്യയുമായുള്ള വ്യാപാരം വര്‍ഷങ്ങളായി താരതമ്യേന കുറവാണെന്നും, ഇന്ത്യയുടെ ഉയര്‍ന്ന തീരുവകള്‍ ഇതിന് കാരണമാണെന്നും വാദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഈ പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട്, ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി. കര്‍ഷകര്‍, സംരംഭകര്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ എന്നിവയുടെ ക്ഷേമം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. യു.കെ.യുമായുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ പോലുള്ള മറ്റ് വ്യാപാര കരാറുകളിലൂടെ ഇന്ത്യ വ്യാപാര തന്ത്രം വൈവിധ്യവത്കരിച്ചുകൊണ്ടാകും അമേരിക്കയെ പ്രതിരോധിക്കുക.

അമേരിക്കന്‍ തീരുവ ഇന്ത്യക്ക് കയറ്റുമതി നഷ്ടത്തിനിടയാക്കും. 2024-ല്‍ ഇന്ത്യ യു.എസിലേക്ക് 87 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നത് 21.75 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

25 ശതമാനം തീരുവയും പിഴയും ചുമത്താനുള്ള യു.എസിന്റെ തീരുമാനം ഇന്ത്യ-യു.എസ്. വ്യാപാര ബന്ധങ്ങളില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇന്ത്യ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് വ്യക്തമാക്കുമ്പോള്‍ അമേരിക്ക കൂടുതല്‍ സാമ്പത്തിക ബാധ്യത ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സാധ്യത.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും അടുത്ത സുഹൃത്തുക്കളെന്ന് പറഞ്ഞ് കൈകോര്‍ക്കുമ്പോഴാണ് ഇന്ത്യക്കെതിരായ നടപടിയെന്നത് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയും കയറ്റുമതിയും ഇന്ത്യയ്ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുമ്പോള്‍ അമേരിക്കന്‍ തീരുവ ഏത്രമാത്രം ബാധിക്കുമെന്നത് കണ്ടറിയണം.

facebook twitter