
തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ. ഹാരിസിന്റെ ആരോപണങ്ങള്‍ തള്ളാതെ വിദ്ഗ്ധ സമിതി അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങുന്നതിലെ സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പര്‍ച്ചേസ് നടപടി അടിയന്തരമായി ലളിതമാക്കണമെന്നും ഹാരിസിന്റെ തുറന്നുപറച്ചില്‍ അന്വേഷിച്ച സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
'സിസ്റ്റത്തിന് പ്രശ്‌നം ഉണ്ട്. വിദ്യാര്‍ത്ഥിയുടെ ശസ്തക്രിയ മുടങ്ങിയതിനെ കുറിച്ച് ഹാരിസ് പറയുന്നത് വസ്തുതയാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇതിന് മുമ്പ് ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സമിതി കണ്ടെത്തല്‍. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് യൂറോളജി. ആഴ്ചയില്‍ ആറ് ദിവസവും സങ്കീര്‍ണമായ ശസ്തക്രിയകള്‍ വരെ നടക്കുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങുന്ന പ്രകിയ ഏറെ സങ്കീര്‍ണമാണ്. ഉപകരണങ്ങള്‍ എത്താന്‍ കാലതാമസം ഉണ്ടാകുന്നു. നടപടിക്രമങ്ങളിലെ നൂലാമാലകള്‍ ഒഴിവാക്കണം. ഇതില്‍ അടിയന്തിരമായി മാറ്റം വേണം. സൂപ്രണ്ടുമാര്‍ക്കും പ്രിന്‍സിപ്പാള്‍മാര്‍ക്കും കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
ഡോ.ഹാരിസിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം സര്‍വീസ് ചട്ടലംഘനമാണെങ്കിലും, നടപടി വേണ്ടെന്നാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് ഡിഎംഇ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറും.