ജയ്സാൽമീർ : രാജ്യത്തിന്റെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്ക്ക് ചോർത്തിയ സംഭവത്തിൽ , ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഗസ്റ്റ് ഹൗസിലെ കോൺട്രാക്ട് മാനേജർ മഹേന്ദ്ര പ്രസാദ് (32)യെ രാജസ്ഥാനിലെ സിഐഡി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു.
ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ പല്യുണ് സ്വദേശിയായ മഹേന്ദ്ര പ്രസാദ്, ജയ്സാൽമീറിലെ ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിനടുത്തുള്ള ഡിആർഡിഒ ഗസ്റ്റ് ഹൗസിൽ ജോലി ചെയ്തുവരികയായിരുന്നു. സംസ്ഥാന പോലീസ് ഇൻസ്പെക്ടർ ജനറൽ (സെക്യൂരിറ്റി) ഡോ. വിഷ്ണുകാന്ത് നൽകിയ വിവരങ്ങൾ പ്രകാരം, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിദേശ ഏജന്റുമാരുടെ പ്രവർത്തനങ്ങൾക്കായി സിഐഡി നടത്തുന്ന നിരീക്ഷണത്തിനിടെ മഹേന്ദ്ര പ്രസാദിന്റെ സംശയാസ്പദമായ ബന്ധങ്ങൾ വെളിപ്പെട്ടു.
മഹേന്ദ്ര പ്രസാദ് സോഷ്യൽ മീഡിയ വഴി ഐഎസ്‌ഐ ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടിരുന്നത്. ഫയറിംഗ് റേഞ്ചിൽ നടക്കുന്ന മിസൈൽ, ആയുധ പരീക്ഷണങ്ങൾക്ക് പങ്കെടുക്കുന്ന ഡിആർഡിഒ ശാസ്ത്രജ്ഞരുടെയും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെയും യാത്രാ വിവരങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങൾ ഇയാൾ ഇവർക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജയ്പൂരിലെ സെൻട്രൽ ഇന്ററോഗേഷൻ സെന്ററിൽ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ ചേർന്ന് നടത്തിയ ചോദ്യംചെയ്യലിലും മൊബൈൽ ഫോൺ പരിശോധനയിലും പ്രതിരോധവുമായി ബന്ധപ്പെട്ട ഗൂഢവിവരങ്ങൾ പങ്കുവച്ചതിന്റെ തെളിവുകൾ ലഭിച്ചു.