മംഗളൂരു: ദലിത് യുവതിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം. സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ, കണ്ടക്ടർ, ബസ് ഏജന്റ് എന്നിവരെ അരസികെരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ കോട്ടൂർ താലൂക്കിലെ അലബുര സ്വദേശി പ്രകാശ് മഡിവാള (42), കണ്ടക്ടർ രാജശേഖർ (40), ഹാരപ്പനഹള്ളി താലൂക്കിലെ അരസികെരെ സ്വദേശിയായ ബസ് ഏജൻറ് സുരേഷ് (46) എന്നിവരാണ് അറസ്റ്റിലായത്. ഹാരപ്പനഹള്ളി താലൂക്കിൽ ഉച്ചങ്കിദുർഗയിലെ ചന്നപൂർ ഗ്രാമത്തിന് സമീപമാണ് സംഭവം.
ബെൽഗാമിൽ നിന്നുള്ള 28കാരിയായ യാത്രക്കാരി രണ്ട് മക്കളോടൊപ്പം ഉച്ചാങ്കിദുർഗയിലെ ഉച്ചാഞ്ചിമ്മൻ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. രാത്രി മേള കഴിഞ്ഞ് ദാവൻഗരെയിലേക്ക് പോകാൻ യുവതി ബനശങ്കരി എന്ന സ്വകാര്യ ബസിൽ കയറി. ആ സമയം ബസിൽ 10 യാത്രക്കാരുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പിൽ ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ മുഴുവൻ ഇറങ്ങി. ദലിത് യവതിയും രണ്ട് കൊച്ചു കുട്ടികളും മാത്രമാണ് യാത്രക്കാരായി അവശേഷിച്ചത്.
പിന്നാലെ, ഡ്രൈവർ ബസ് റൂട്ട് മാറ്റി ഓടിച്ചു. ഉച്ചങ്കിദുർഗയിൽ നിന്ന് ദാവൻഗരെയിലേക്ക് പോകുന്നതിനു പകരം അയാൾ ചന്നാപൂരിലേക്കാണ് ബസ് കൊണ്ടുപോയത്. ബസ് നിർത്തിയിട്ട് മൂന്ന് പേർ ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം സ്ത്രീ നിലവിളിച്ചു. അതുവഴി കടന്നുപോയ ആളുകൾ സ്ത്രീയെ രക്ഷിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അരസികെരെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.