ഡ്രൈവിങ് ശെരിയല്ലേ ? യാത്രക്കാർക്ക് ബസ്സുകാരെക്കുറിച്ച്‌ തെളിവ് സഹിതം പരാതി പറയാം

02:08 PM Jul 15, 2025 | Kavya Ramachandran


യാത്രചെയ്യുന്ന ബസിലെ ഡ്രൈവിങ്ങിനെക്കുറിച്ചുള്ള  പരാതി ഇനി വെച്ചുതാമസിപ്പിക്കേണ്ട. എവിടെ ഏതു ഫോണ്‍നമ്പറില്‍ പരാതി പറയണമെന്ന വേവലാതിയും വേണ്ട. ഡ്രൈവറുടെ സീറ്റിനു പിറകിലുള്ള ബോര്‍ഡില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ 'എവിഡി സ്റ്റിക്കറി'ല്‍ പരാതി പറയേണ്ട എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ മാത്രമല്ല വാഹന ഉടമയുടെയും നമ്പറുകളും കാണാം.


ബസ് ഡ്രൈവര്‍മാര്‍ ഡ്രൈവിങ്ങില്‍ പുലര്‍ത്തേണ്ട ജാഗ്രത മുന്‍നിര്‍ത്തിയാണ് മോട്ടോര്‍ വാഹനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. അശ്രദ്ധയോടെയും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വാഹനമോടിക്കല്‍, മത്സര ഓട്ടം തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടിക്ക് തുടക്കമിട്ടത്.

ഘട്ടംഘട്ടമായി സ്റ്റിക്കര്‍ പതിക്കും. നിലവില്‍ ബസുകള്‍ വാര്‍ഷിക പരിശോധനയ്ക്ക് ഹാജരാക്കുന്ന വേളയിലാണ് മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കൊപ്പം സ്റ്റിക്കര്‍ പതിക്കലും നിര്‍ബന്ധമാക്കിയിരിക്കുന്നത്. സ്റ്റിക്കറില്‍ പറഞ്ഞ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നമ്പറിലേക്ക് വാട്സാപ്പ് വഴി വീഡിയോയായും പരാതി സ്വീകരിക്കും.