+

ശസ്ത്രക്രിയ പൂർത്തിയാകും മുൻപ് മുങ്ങി; ഡോക്ടറെ കണ്ടെത്തിയത് നഴ്‌സിനൊപ്പം സ്വകാര്യനിമിഷങ്ങൾ പങ്കിടുന്ന നിലയില്‍

ശസ്ത്രക്രിയ നടക്കുന്നതിനിടെ നഴ്‌സിനൊപ്പം സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാന്‍ പോയ പാകിസ്താനി ഡോക്ടര്‍ക്കെതിരെ യുകെ മെഡിക്കല്‍ ട്രിബ്യൂണലിന് മുന്നില്‍ കേസ്. ഡോ.സുഹൈല്‍ അന്‍ജും എന്ന അനസ്‌തേഷ്യ വിദഗ്ധനെതിരെയാണ് ആരോപണം

ശസ്ത്രക്രിയ നടക്കുന്നതിനിടെ നഴ്‌സിനൊപ്പം സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാന്‍ പോയ പാകിസ്താനി ഡോക്ടര്‍ക്കെതിരെ യുകെ മെഡിക്കല്‍ ട്രിബ്യൂണലിന് മുന്നില്‍ കേസ്. ഡോ.സുഹൈല്‍ അന്‍ജും എന്ന അനസ്‌തേഷ്യ വിദഗ്ധനെതിരെയാണ് ആരോപണം. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള ടെയിംസൈഡ് ഹോസ്പിറ്റലിലെ ഡോക്ടറായ ഇദ്ദേഹം പിത്താശയ ശസ്ത്രക്രിയയ്ക്കിടെ മറ്റൊരു ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോയി നഴ്‌സുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നത്രേ..2023 സെപ്റ്റംബര്‍ 16ന് ആണ് സംഭവമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്ന് രാവിലെ അഞ്ചുശസ്ത്രക്രിയകളാണ് ഡോക്ടര്‍ക്ക് അറ്റന്‍ഡ് ചെയ്യാനായി ഉണ്ടായിരുന്നത്. ഇതില്‍ മൂന്നാമത്തെ കേസായ പിത്താശയ സര്‍ജറി നടക്കുന്നതിനിടയിലാണ് ഇദ്ദേഹം ശസ്ത്രക്രിയ മുറി വിട്ട് പുറത്തുപോകുന്നത്. തന്റെ ചുമതല മറ്റൊരു നഴ്‌സിനെ ഏല്‍പ്പിച്ചാണ് ഇയാള്‍ മുറിവിട്ടത്. തുടര്‍ച്ചയായ സര്‍ജറികള്‍ ഉള്ളതിനാല്‍ ഡോക്ടര്‍ വിശ്രമിക്കുന്നതിനായി ഇടവേളയെടുത്തതാണെന്നാണ് റൂമിലുണ്ടായിരുന്നവര്‍ കരുതിയിരുന്നത്. എന്നാല്‍ ഇയാള്‍ മറ്റൊരു ഓപ്പറേഷന്‍ തിയേറ്ററിലെത്തി ഒരു നഴ്‌സുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ഇതേ മുറിയിലേക്ക് അവിചാരിതമായെത്തിയ മറ്റൊരു നഴ്‌സാണ് അസ്വാഭാവിക സാഹചര്യത്തില്‍ ഇവരെ കാണുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും. തുടര്‍ന്ന് കേസ് യുകെ ട്രിബ്യൂണലിന് മുന്നിലെത്തുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍ പാകിസ്താനിലേക്ക് മടങ്ങുകയും ചെയ്തു.

സംഗതി സത്യമാണെന്ന് സമ്മതിച്ച ഡോക്ടര്‍ താന്‍ചെയ്ത തെറ്റിന് മാപ്പുചോദിക്കുന്നവെന്നും ഒരു അവസരം കൂടി നല്‍കണമെന്നും ട്രിബ്യൂണലിന് മുന്നില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. എത്രത്തോളം നാണക്കേടുണ്ട് എന്ന് എനിക്ക് വിവരിക്കാന്‍ ആവില്ല. ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ പെരുമാറ്റത്തിലെ വൃത്തികേട് അതിന്റെ ഗൗരവത്തില്‍ തന്നെ മനസ്സിലാക്കുന്നു.' ഡോക്ടര്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്ന ഒരു സമയത്താണ് ഇത്തരത്തിലൊരു തെറ്റുപറ്റിയതെന്നും ഇയാള്‍ പറയുന്നു.

facebook twitter