റായ്പൂര്‍ സെന്‍ട്രല്‍ ജയിലിനുളളിലെ ലഹരിമരുന്ന് കേസ് പ്രതിയുടെ വര്‍ക്ക്ഔട്ട് വീഡിയോ വൈറല്‍; ഗാര്‍ഡുമാരെ പുറത്താക്കി

07:47 AM Oct 22, 2025 | Suchithra Sivadas

റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുളള ലഹരിമരുന്ന് കേസ് പ്രതിയുടെ വര്‍ക്ക്ഔട്ട് വീഡിയോ വൈറല്‍. ലഹരിമരുന്ന് രാജാവെന്ന് അറിയപ്പെടുന്ന റാഷിദ് അലി ജയില്‍മുറിക്കുളളില്‍ നിന്ന് വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊടുംഭീകരരായ രോഹിത് യാദവ്, രാഹുല്‍ വാല്‍മീകി എന്നിവര്‍ക്കൊപ്പമുളള റാഷിദ് അലിയുടെ സെല്‍ഫികളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ജയിലിലെ സുരക്ഷാവീഴ്ച്ചകളെക്കുറിച്ചുളള ചോദ്യങ്ങള്‍ ഉയരുകയും ജീവനക്കാര്‍ക്കെതിരെ ജയില്‍ അധികൃതര്‍ നടപടിയെടുക്കുകയും ചെയ്തു.

ജയില്‍ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്രണ്ട് നടപടിയെടുത്തത്. ഗാര്‍ഡുമാരായ ബിപിന്‍ ഖല്‍ഖോയെയും രാധേലാല്‍ ഖുണ്ടെയെയും സര്‍വീസില്‍ നിന്നും പുറത്താക്കി. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് സന്ദീപ് കശ്യപിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വിചാരണ തടവുകാരനായ ശശാങ്ക് ചോപ്രയാണ് ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കിയതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. ഈ മൊബൈല്‍ ഉപയോഗിച്ചാണ് റാഷിദ് അലി വര്‍ക്ക്ഔട്ട് വീഡിയോകളും സെല്‍ഫികളും എടുത്തതും സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Trending :