+

ഇന്റേൺഷിപ്പ് കേരള പോർട്ടൽ നാലുവർഷ ബിരുദ പ്രോഗ്രാം പാഠ്യപദ്ധതി പരിഷ്‌ക്കാരങ്ങളിലെ സുപ്രധാന നാഴികക്കല്ല്: ഡോ. ആർ ബിന്ദു

നാലുവർഷ ബിരുദ പ്രോഗ്രാം പാഠ്യ പദ്ധതി പരിഷ്‌ക്കാരങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്റേൺഷിപ്പ് കേരള പോർട്ടലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

നാലുവർഷ ബിരുദ പ്രോഗ്രാം പാഠ്യ പദ്ധതി പരിഷ്‌ക്കാരങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്റേൺഷിപ്പ് കേരള പോർട്ടലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും (കെ.എസ്.എച്ച്.ഇ.സി) കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ബിന്ദു.

സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളെയും സർവ്വകലാശാലകളെയും വ്യവസായങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.  വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കും. ഉന്നതവിദ്യാഭ്യാസത്തിനും പ്രൊഫഷണൽ ലോകത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനും, നവീകരണം, നൈപുണ്യ വികസനം, സമഗ്ര വിദ്യാഭ്യാസം എന്നിവയോടുള്ള കേരളത്തിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഇന്റേൺഷിപ്പ് പോർട്ടൽ നിലവിൽ വന്നതിലൂടെ സാധ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ അഭിരുചിയ്ക്ക് അനുസരിച്ച് ദേശീയ അന്തർദേശീയ തൊഴിൽ സാധ്യതകൾ കണ്ടെത്താനും, വിദ്യാർത്ഥികളുടെയും ഇന്റേൺഷിപ്പ് ഏജൻസികളുടെയും സംഗമസ്ഥാനമായി മാറാനും പോർട്ടലിന് സാധിക്കും. സർക്കാർ തൊഴിൽ നൈപുണ്യ വികസന ഏജൻസികളെ സ്‌കിൽ കോഴ്‌സുകൾ പ്രദാനം ചെയ്യാൻ എംപാനൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പഠനവേളയിൽതന്നെ തൊഴിലാഭിമുഖ്യം വളർത്തുകയെന്നത് സുപ്രധാന ലക്ഷ്യമാണെന്നും നാലുവർഷ ബിരുദ പ്രോഗ്രാമിൽ പ്രവേശനം നേടി നാലാം സെമസ്റ്ററിലേയ്ക്ക് കടക്കുമ്പോൾതന്നെ ഇത്തരത്തിലൊരു ഇന്റേൺഷിപ്പ് പോർട്ടൽ പ്രവർത്തന സജ്ജമാകുമെന്നത് അഭിമാനകരമാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അക്കാദമികവും ഭരണപരവുമായ എല്ലാ ആവശ്യങ്ങളും സമന്വയിപ്പിക്കുന്ന കെ-റീപ് പദ്ധതിയുടെ തുടർച്ചയായാണ് ഇന്റേൺഷിപ്പ് കേരള പോർട്ടലും നടപ്പിലാക്കിയിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡോ. രാജൻ വറുഗീസ് (മെമ്പർ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ), പ്രൊഫ. എം ജുനൈദ് ബുഷിരി (വൈസ് ചാൻസലർ, കൊച്ചിൻ സർവ്വകലാശാല), റിട്ട. വൈസ് അഡ്മിറൽ ശ്രീകുമാർ നായർ (കെൽട്രോൺ മാനേജിംഗ് ഡയറക്ടർ), പ്രൊഫ. ജഗതിരാജ് വി.പി (വൈസ് ചാൻസലർ, ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല), ഡോ. രാജശ്രീ എം.എസ് (ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, ട്രെസ്റ്റ് റിസർച്ച് പാർക്ക്), രാജേഷ് എം (ജനറൽ മാനേജർ, കെൽട്രോൺ), ഹസീന എം (ഫിനാൻസ് ഓഫീസർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ) തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, വിവിധ സർവ്വകലാശാലാ/ കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

facebook twitter