സൈന്യത്തിൽ പുറത്താക്കപ്പെട്ട യുവാവിനെ മയക്കുമരുന്നുമായി പിടികൂടി

04:05 PM Jan 16, 2025 | Neha Nair

പാറ്റ്ന : അച്ചടക്ക നടപടിയെടുത്ത് സൈന്യത്തിൽ പുറത്താക്കപ്പെട്ട യുവാവിനെ ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന് മയക്കുമരുന്നുമായി പിടികൂടി. സൈനിക യൂണിഫോം ധരിച്ച് വ്യാജ തിരിച്ചറിയൽ കാർഡുകളുമായാണ് ഇയാൾ ബിഹാർ അതിർത്തിയിൽ വെച്ച് എസ്.എസ്.ബിയുടെയും അറാരിയ പൊലീസിന്റെയും സംയുക്ത പരിശോധനയ്ക്കിടെ കുടുങ്ങിയത്.

രാജസ്ഥാൻ സ്വദേശിയായ ഭാഗ്‍ചന്ദ് ചൗധരി എന്നയാളാണ് അറസ്റ്റിലായതെന്ന് അറാരിയ എസ്.പി സുധീർ കുമാർ പറഞ്ഞു. നേരത്തെ ഇയാൾ സൈന്യത്തിന്റെ ജാട്ട് റെജിമെന്റിൽ അംഗമായിരുന്നു. എന്നാൽ പിന്നീട് അച്ചടക്ക നടപടിക്ക് വിധേയനായി സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. ഏതാനും ദിവസം മുമ്പ് സൈനിക വേഷത്തിൽ ഇന്ത്യ - നേപ്പാൾ അതിർത്തിക്ക് സമീപം സഞ്ചരിക്കുന്ന ഇയാളെക്കണ്ട് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു.

ജോഗ്ബാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എസ്.ബി സൈനികരാണ് സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തത്. പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ ഉദ്യോഗസ്ഥരോട് തട്ടിക്കയറാനും മോശമായി പെരുമാറാനും തുടങ്ങി. താൻ ജാട്ട് റെജിമെന്റിൽ ഇപ്പോഴും ജോലി ചെയ്യുന്ന സൈനികനാണെന്നും തന്റെ ലഗേജ് ഒരു മജിസ്ട്രേറ്റിന്റെയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ മാത്രമേ പരിശോധിക്കാൻ സാധിക്കൂ എന്നും പറഞ്ഞു.

എസ്.എസ്.ബി ഉദ്യോഗസ്ഥർ പിന്നീട് പരിശോധന നടത്തിയപ്പോൾ ഇയാൾ ധരിച്ചിരുന്ന സൈനിക യൂണിഫോമിൽ ഒളിപ്പിച്ച നിലയിൽ 320 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ദോഡ എന്നറിയപ്പോടുന്ന ലഹരി പദാർത്ഥമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഒരു മൈബൈൽ ഫോൺ, രണ്ട് സിം കാർഡുകൾ, രണ്ട് സൈനിക യൂണിഫോമുകൾ, ഒരു തൊപ്പി, ഷൂസ് എന്നിവയും പിടിച്ചെടുത്തു. ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.