ദുബായ് മെട്രോ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നു. മെട്രോയുടെ പുതിയ ബ്ലൂ ലൈന്‍ പാത 2029 സെപ്റ്റംബര്‍ 9 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആര്‍ടിഎ വ്യാഴാഴ്ച അറിയിച്ചു. 30 കിലോമീറ്റര്‍ പദ്ധതി 14 സ്റ്റേഷനുകളിലൂടെ എമിറേറ്റിലെ പ്രധാന പ്രദേശങ്ങളെ തന്ത്രപരമായി ബന്ധിപ്പിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ 2025 ഏപ്രിലില്‍ ആരംഭിക്കും. വിവിധ ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കു.
ഗ്രീന്‍ ലൈനിലെ ക്രീക്ക് സ്റ്റേഷന്‍, റെഡ് ലൈനിലെ സെന്റര്‍പോയിന്റ് സ്റ്റേഷന്‍, ദുബായ് ഇന്റര്‍നാഷണല്‍ സിറ്റി സ്റ്റേഷന്‍ 1, ദുബായ് ക്രീക്ക് ഹാര്‍ബര്‍ തുടങ്ങി പ്രധാന ഇന്റര്‍ചേഞ്ച് പോയിന്റുകള്‍ ഉള്‍പ്പെടെ 14 സ്റ്റേഷനുകളാണ് ബ്ലൂ ലൈനില്‍ ഒരുക്കുക. നഗരത്തിന്റെ ഗതാഗത ശൃംഖലയുടെ നിലവിലുള്ള വികസനത്തിലെ സുപ്രധാന ഘടകമായി ഇത് മാറും. ബ്ലൂ ലൈന്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും മിര്‍ദിഫ്, അല്‍ വര്‍ഖ, ഇന്റര്‍നാഷണല്‍ സിറ്റി 1, 2, ദുബായ് സിലിക്കണ്‍ ഒയാസിസ്, അക്കാദമിക് സിറ്റി, റാസല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ദുബായ് ഫെസ്റ്റിവല്‍ എന്നീ ഒമ്പത് പ്രധാന മേഖലകളും തമ്മില്‍ നേരിട്ട് കണക്ഷന്‍ നല്‍കും. ദുബായ് മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകള്‍ തമ്മിലുള്ള പ്രധാന സംയോജന പോയിന്റായി പുതിയ പാത മാറും.