
ഇരിങ്ങാലക്കുട: നാലുകോടി രൂപ വായ്പ ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ദമ്പതിമാരില്‍നിന്ന് 9.65 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ സ്വദേശി മൂത്തേരി വീട്ടില്‍ ദിനേശനെ(54) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തത്.
കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിന്‍ പാടത്ത് സ്വദേശി ഷഹാന (36)ക്കും ബന്ധുക്കള്‍ക്കും നാലുകോടി രൂപ വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഷഹാനയുടെയും ഭര്‍ത്താവിന്റെയും കൈയില്‍നിന്ന് പലതവണകളായി 9.65 കൈപ്പറ്റിയിരുന്നു. എന്നാല്‍, വായ്പ ശരിയാക്കിക്കൊടുക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് അറസ്റ്റ്.
പരാതിക്കാരിക്കും കുടുംബത്തിനും കടബാധ്യത വന്നപ്പോള്‍ അവരുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി വായ്പയെടുക്കാന്‍ പലരെയും സമീപിച്ചിരുന്നു. ഈ സമയം പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് വിളിച്ച ദിനേശന്‍ പാര്‍ട്ണര്‍ഷിപ്പില്‍ എംബിഡി ഫിനാന്‍സ് ഗ്രൂപ്പ് എന്ന പേരിലുള്ള ഫൈനാന്‍സ് സ്ഥാപനം നടത്തുകയാണെന്നും വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ദിനേശന്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ചക്കേസിലും അഞ്ച് തട്ടിപ്പുകേസുകളിലും ഒരു അടിപിടിക്കേസിലും കൊടുങ്ങല്ലൂര്‍ പോലീസ്സ്റ്റേഷനില്‍ ഒരു കവര്‍ച്ചക്കേസിലും വെള്ളിക്കുളങ്ങര പോലീസ്സ്റ്റേഷനില്‍ ഒരു തട്ടിപ്പുകേസിലും പ്രതിയാണ്.