ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകൾ തള്ളി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വിശ്രമജീവിതം ആസ്വദിക്കുകയാണെന്നും മനുഷ്യാവകാശ കമീഷനുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ വരുന്ന വാർത്തകൾ അസത്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഡിസംബർ 18ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ യോഗം ചേർന്നിരുന്നു.
പ്രധാനമന്ത്രിക്ക് പുറമെ, ലോക്സഭ സ്പീക്കർ, ആഭ്യന്തര മന്ത്രി, ഇരു സഭകളിലെയും പ്രതിപക്ഷ നേതാക്കൾ, രാജ്യസഭ ഉപാധ്യക്ഷൻ എന്നിവരാണ് സമിതിയിലുള്ളത്. പ്രതിപക്ഷ നേതാക്കളെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആ യോഗത്തിൽ പങ്കെടുത്തതായി വൃത്തങ്ങൾ വെളിപ്പെടുത്തി. ജസ്റ്റിസ് (റിട്ട) അരുൺ കുമാർ മിശ്ര കാലാവധി പൂർത്തിയാക്കിയതോടെ ജൂൺ ഒന്നുമുതൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.