ലഡു കഴിക്കാൻ തോന്നുന്നുണ്ടോ?

02:55 PM Dec 11, 2025 | Kavya Ramachandran


ലഡു കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. മുമ്പൊക്കെ പലരും മഞ്ഞ ലഡു മാത്രം വാങ്ങുന്നവരാണെങ്കിൽ ഇന്ന് വിപണയിൽ പച്ച, ഓറഞ്ച് എന്നിങ്ങനെ ഏത് നിറത്തിലുള്ള ലഡുവും സുലഭമായി ലഭിക്കും. എന്നാൽ എപ്പോഴും കടകളിൽ പോയി ഇവ വാങ്ങി കഴിക്കുന്നതിനെക്കാൾ വീട്ടിലൊന്ന് ഉണ്ടാക്കി നോക്കിയാലോ?

ലഡു ഉണ്ടാക്കുന്നതിനുള്ള ഒരു സിമ്പിള്‍ റെസിപ്പി ഒന്നു പരീക്ഷിച്ച് നോക്കാം. അരകിലോ കടലമാവാണ് ആദ്യം വേണ്ടത്. പിന്നാലെ വെള്ളം, പഞ്ചസാര, നെയ്യ്, മഞ്ഞൾപ്പൊടി, എണ്ണ, ഉപ്പ്, ബേക്കിങ് സോഡ എന്നിവയും വേണം. കളറിനായി ഓറഞ്ച് ഫുഡ് കളറും ചേർക്കാം. ഇനി എങ്ങനെ ഇവ ചേർത്ത് ലഡു ഉണ്ടാക്കാമെന്ന് നോക്കാം.


ആദ്യം രണ്ട് കപ്പ് കടലമാവിലേക്ക് മഞ്ഞൾപ്പൊടിയും ഒരു നുള്ള് ഓറഞ്ച് ഫുഡ് കളറും ചേർക്കാം. ഇതിന് ശേഷം ഉപ്പും ബേക്കിങ് സോഡയും ചേർത്ത് അരിച്ചെടുക്കാം. ഏകദേശം ഒന്നരകപ്പ് വെള്ളത്തോളമാണ് ഇവ കുഴച്ചെടുക്കാനായി ഉപയോഗിക്കേണ്ടത്. ഈ വെള്ളം കുറച്ച് കുറച്ചായി ചേർത്ത് കുഴച്ചെടുക്കുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കണം. കുഴികളുള്ള പാത്രത്തിലൂടെ ഇതിലേക്ക് മാവ് ഒഴിച്ച് നൽകണം. ഇത് പൊങ്ങി വരുമ്പോൾ കോരി മാറ്റാം.


ഒന്നരക്കപ്പ് പഞ്ചസാരയും മുക്കാൽക്കപ്പ് വെള്ളവും ചേർത്ത് ഉരുക്കിമാറ്റിവയ്ക്കുക. ഇത് നന്നായി ഉരുകിയെന്ന് ഉറപ്പിക്കണം. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന വറുത്തെടുത്ത മാവ് ചേർക്കാം. നന്നായി മിക്‌സ് ചെയ്ത ഈ ചേരുവയിലേക്ക് നെയ്യ് കൂടി ചേർത്ത് നൽകാം. ശേഷം ഉരുളയാക്കിയെടുക്കാം. ഉണക്കമുന്തിരി ഇഷ്ടമുള്ളവർക്ക് നെയ്യിൽ വറുത്തെടുത്ത ശേഷം ഇതിൽ ചേർക്കാവുന്നതാണ്.