ഗർഭിണികൾ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കണമെന്നാണ് പൊതുവേയുള്ള ധാരണ. . കൂടുതൽ കഴിക്കണം എന്ന കാരണം പറഞ്ഞ് അനാരോഗ്യകരമായ ഭക്ഷണവും ഗർഭിണികൾക്ക് നൽകാറുണ്ട്. ഗർഭകാലത്ത് അളവിനെക്കാൾ കൂടുതൽ പോഷകത്തിന് പ്രാധാന്യം നൽകണമെന്ന് വിദഗ്ധർ പറയുന്നു. രണ്ട് പേർക്കുള്ളത് കഴിക്കണം എന്നത് എന്തും കഴിക്കാനുള്ള ലൈസൻസായി കരുതാൻ പാടില്ല.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ എന്നിവരുടെ പഠനങ്ങൾ പ്രകാരം സാധാരണ ജീവിതം നയിക്കുന്ന ഗർഭിണികൾക്ക്, ആദ്യത്തെ 2,3 മാസങ്ങളിൽ 350 കിലോ കാലറിയാണ് അധികമായി ആവശ്യമുള്ളത്. പിന്നീടുള്ള മാസങ്ങളിൽ പ്രൊട്ടീൻ ആവശ്യകത 8 മുതൽ 10 ഗ്രാം വരെയും, 18 മുതൽ 22 ഗ്രാം വരെയും ഉയരുന്നു, ഈ കാലയളവിൽ ആവശ്യമായ പ്രൊട്ടീൻ അടങ്ങുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
ആദ്യത്തെ മൂന്ന് മാസം
ആദ്യത്തെ മാസങ്ങളിൽ ഗർഭിണികളുടെ ശരീരം, ശാരീരക മാറ്റത്തെയും, ഹോർമോണിലുണ്ടാകുന്ന വ്യത്യാസത്തെയും പരിചയപ്പെടുന്ന സമയമാണ്. ഈ സമയത്തിന് ഗർഭസ്ഥ ശിശുവിന് കാര്യമായ വളർച്ച സംഭവിക്കാത്തതിനാൽ കൂടുതൽ ഭക്ഷണത്തിൻറെ ആവശ്യമുണ്ടാകുന്നില്ല. ആദ്യ മൂന്ന് മാസങ്ങളിൽ ഭക്ഷണത്തിന്റെ അളവിനേക്കാൾ പോഷക നിലവാരത്തിന് പ്രാധാന്യം നൽകുക.
രണ്ടാമത്തെ മൂന്ന് മാസം
രണ്ടാമത്തെ മൂന്ന് മാസങ്ങൾ (3 മുതൽ 6 വരെ) കാലറിയുടെയും പ്രൊട്ടീനിന്റെയും ആവശ്യകത അധികമായിരിക്കും. കാലറി കൂടുതലായി ശരീരത്തിലെത്തിക്കാൻ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കണം. കാലറിയോ, പ്രൊട്ടീനോ കൂടുതലായി വേണം എന്ന കാരണത്താൽ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ദോഷകരമായി ബാധിക്കും. ശാരീരിക മാറ്റങ്ങൾ ഒരുപാടുണ്ടാകുന്ന സമയമാണ് ഗർഭകാലം. ഈ മാറ്റങ്ങളെ പാകപ്പെടുത്തുന്നതിന് ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12, കാത്സ്യം തുടങ്ങിയവ അത്യാവശ്യമാണ്. ഭക്ഷണ ക്രമത്തിൽ ഇവ കൂടി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
പോഷക ലഭ്യതയ്ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ
ധാന്യങ്ങൾ, തിന, തവിട് എന്നിവ ഊർജത്തിന്റെയും, നാര് ശേഖരത്തിന്റെയും കേന്ദ്രങ്ങളാണ്. മലബന്ധത്തിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നു. പയർവർഗങ്ങളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കൂടാതെ മൈക്രോ നൂട്രിയൻസ് ലഭിക്കുന്നതിനും പയർവർഗങ്ങൾ കഴിക്കാവുന്നതാണ്