നെല്ലിക്കയുടെ ഔഷധ ഗുണത്തെക്കുറിച്ച് പ്രത്യകം പറയേണ്ടതില്ലല്ലോ. ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി ഘടകങ്ങൾ നെല്ലിക്കയ്ക്കുണ്ട് എന്ന കാര്യം സുപരിചിതമാണ്. നെല്ലിക്ക അച്ചാറായും, ജ്യൂസായും പലതരത്തിലാണ് നമ്മൾ ഉപയോഗിക്കുന്നത്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ തുടങ്ങി നിരവധി പദാർത്ഥങ്ങളാൽ സമ്പന്നമായ നെല്ലിക്ക ദിവസവും ഒരു പരിധി വരെയുള്ള അളവിൽ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ദിവസവും നെല്ലിക്ക കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.നെല്ലി ഉൽപ്പന്നങ്ങൾആന്റിഓക്സിഡന്റ് സമ്പുഷ്ട സൗന്ദര്യ ഉൽപ്പന്നങ്ങൾ
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊളസ്‌ട്രോൾ കുറയ്ക്കാനും, രക്തസമ്മർദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്ന നെല്ലിക്ക ഇതിലൂടെ ഹൃദയാരോഗ്യത്തിനും പിന്തുണ നൽകുന്നു. നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
വിറ്റാമിൻ സിയുടെ സമൃദ്ധമായ ഉറവിടങ്ങളിൽ ഒന്നാണ് നെല്ലിക്ക. ഇത് ജലദോഷവും മൂക്കൊലിപ്പും ഒഴിവാക്കുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വിപണിയിൽ ലഭ്യമായ വിറ്റാമിൻ സി സപ്ലിമെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദഹനത്തിന് സഹായിക്കുന്നു
ദഹന പ്രക്രിയയെ പിന്തുണയ്ക്കുന്നതിൽ പേരുകേട്ട ഒന്നാണ് നെല്ലിക്ക. നെല്ലിക്ക പതിവായി കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്കും ഗുണം ചെയ്യുകയും മലബന്ധം തടയുകയും ചെയ്യുന്നു. പോഷകങ്ങളുടെ ആഗിരണത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം ദഹനക്കേട്, വയറുവീർക്കൽ എന്നിവ കുറയ്ക്കാനും നെല്ലിക്ക സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർധനവ്
ആയുർവേദം അനുസരിച്ച്, നെല്ലിക്കയ്ക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, രേതസ് ഗുണങ്ങൾ ഉണ്ട്. ഇവയെല്ലാം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, അതിലൂടെ നമ്മുടെ പ്രതിരോധശേഷിയും മെച്ചപ്പെടുന്നു.