കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രതിയാക്കി എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും പ്രതികളാക്കി ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.
കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന വേട്ടയാടലാണ് ഇതെന്ന് സിപിഎം ആവര്‍ത്തിച്ച് പറയുന്നത് ശരിവെക്കുന്ന രീതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രാഹുലും സോണിയയും പ്രതികളായതോടെ ഇഡിയെ തള്ളിപ്പറയേണ്ട അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും.
വീണാ വിജയനെതിരെ കേന്ദ്ര ഏജന്‍സി നടത്തിയ അന്വേഷണത്തെ പിന്തുണയ്ക്കുകയും കുറ്റപത്രം ആഘോഷമാക്കുകയും ചെയ്തവരാണ് കേരളത്തിലെ നേതാക്കള്‍. എന്നാല്‍, ഇഡിയിലൂടെ രാഹുലിനേയും സോണിയയേയും കുരുക്കിയതോടെ കോണ്‍ഗ്രസിന് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആയുധം നഷ്ടമാവുകയാണ്.
വരാനിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വീണയെ പ്രതിയാക്കിയ വിഷയം ആളിക്കത്തിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. അഴിമതി സര്‍ക്കാരാണിതെന്ന പ്രചരണത്തിന് എസ്എഫ്‌ഐഒ കുറ്റപത്രം സഹായിക്കുമെന്ന കണക്കുകൂട്ടല്‍ ഇഡി കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കിയതോടെ ഇല്ലാതായി.
മകളുടെ കേസിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍ ദുര്‍ബലമാക്കുന്നതാണ് രാഹുലിനും സോണിയയ്ക്കും എതിരേയുള്ള കുറ്റപത്രം. സിപിഎം അണികള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സിപിഎമ്മിനെതിരായ കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിന് പിന്തുണ നല്‍കുമ്പോള്‍ തന്നെ തങ്ങളുടെ നേതാക്കള്‍ക്കെതിരായ ഇഡി കേസുകള്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യേണ്ട ഇരട്ടത്താപ്പാണ് കോണ്‍ഗ്രസിനെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെല്ലാം വീണാ വിജയനെതിരായ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദേശീയ നേതാക്കള്‍ക്കെതിരായ ഇഡി കുറ്റപത്രം ചര്‍ച്ചയായതോടെ നിലപാടുകള്‍ തണുപ്പിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം.